1
മുതുപാല - നാരകത്താനി റോഡിൽ ഇന്റെർലോക്ക് കട്ടയുടെ പുനർ നിർമ്മാണം നടക്കുന്നു.

മല്ലപ്പള്ളി : മുതുപാല - നാരകത്താനി റോഡിൽ ഒരുമാസത്തിനുള്ളിൽ രണ്ടുതവണ ഇന്റർ ലോക്ക് കട്ട പാകി. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയെങ്കിലും ഇളകിമാറിയതിനെ തുടർന്ന് വീണ്ടും പുനർ നിർമ്മിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തികൾ ചെയ്തതിന് ശേഷം വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാത്തതാണ് തകർച്ചയ്ക്ക് വഴിതെളിച്ചതെന്ന് നാട്ടുകാരുടെ ആക്ഷേപം. മുതുപാല - നാരകത്താനി റോഡിൽ തേക്കുങ്കൽപടിയിലുണ്ടാകുന്ന ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇന്റർലോക്ക് കട്ട നിരത്തിയത്. എന്നാൽ ഇതിന്റെ ആയുസ് രണ്ടാഴ്ച മാത്രമായിരുന്നു. 35 മീറ്റർ ദൂരത്തിൽ മാത്രമാണ് നിർമ്മാണം നടത്തിയത്. ഇന്റർലോക്ക് കട്ട ഇളകി നിരന്നതോടെ ഇരുചക്ര വാഹനയാത്രക്കാർ അപകടക്കെണിയിലായി. നിർമ്മാണ പ്രവർത്തികൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. വെണ്ണിക്കുളം - വാലാങ്കര - അയിരൂർ, പടുതോട് - എഴുമറ്റൂർ ഭാഗങ്ങളിലേയ്ക്ക് ഒട്ടേറെ വാഹനങ്ങൾ എളുപ്പ മാർഗം എത്തുന്നതിനുള്ള പ്രധാന വഴിയാണിത്.