പത്തനംതിട്ട: മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്കിന്റെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം 26ന് ഉച്ചക്ക് 2.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിക്കും. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. മാത്യൂ ടി.തോമസ് എം.എൽ.എ മികച്ച കർഷകരെ ആദരിക്കും. അഡ്വ.പ്രമോദ് നാരായണൺ എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിക്കും. കൃഷിക്കും ഗ്രാമ വികസനത്തിനുമായി ബാങ്ക് പൂർണമായി നിലകൊള്ളുന്നതായി ഭാരവാഹികൾ പറഞ്ഞു. കാർഷിക വായ്പയാണ് പ്രധാന ആകർഷകം. 50 ലക്ഷം രൂപാ ഓഹരി മൂലധനത്തിൽ ആരംഭിച്ച ബാങ്കിപ്പോൾ 2.50 കോടി രൂപ ഓഹരി മൂലധനത്തിൽ എത്തിയതായി പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.സജി ചാക്കോ, കൺവീനർ തോമസ് ടി.തുരുത്തിപ്പള്ളി, തോമസ് ജേക്കബ് എന്നിവർ പെങ്കടുത്തു.