പത്തനംതിട്ട: കേരള വെള്ളാള മഹാസഭയുടെ ഡയറക്ടർ ബോർഡിലേക്ക് ഇൗ മാസം 24ന് നടക്കേണ്ട തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേചെയ്തു.

പത്തനംതിട്ട ജില്ലാ കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മിഷനാണ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 16ന് പുറത്തിറക്കിയ വിജ്ഞാപനത്തിലെ അപകാതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റർചെയ്ത കേരള വെള്ളാള മഹാസഭയിൽ 20 ലക്ഷം അംഗങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ മൂന്നിലൊന്ന് അംഗങ്ങൾക്കുപോലും തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പരാതി.

കമ്മിഷൻ പുറപ്പെടുവിച്ച വിജ്ഞാപനം സംഘടനയുടെ ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് വെള്ളാള മഹാസഭ സംസ്ഥാന പ്രസിഡന്റ്എൻ. മഹേശൻ, സെക്രട്ടറി മണക്കാട് ആർ.പദ്മനാഭൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 25 ഡയറക്ടർ ബോർഡ് മെമ്പർമാരുണ്ടാകേണ്ട സ്ഥാനത്ത് 14 സ്ഥാനങ്ങളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വനിത, യുവജന വിഭാഗങ്ങൾക്കായുള്ള സംവരണ മാനദണ്ഡം കമ്മിഷൻ അട്ടിമറിച്ചെന്നും മഹാസഭയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത യൂണിയനുകൾക്ക് ഡയറ്കടർ ബോർഡിൽ പ്രാതിനിധ്യം കൊടുത്തെന്നും ഭാരവാഹികൾ ആരോപിച്ചു.

വെള്ളാള മഹാസഭ സംസ്ഥാന ഖജാൻജി രാജീവ് തഴക്കര, കെ.വി.എം.എസ് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി വേണുഗോപാലപിള്ള സീതത്തോട്, ഡയറക്ർ ബോർഡ് അംഗം പി. രാധാകൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.