car
അപകട വളവില്‍ അപകടത്തില്‍പ്പെട്ട കാർ

പത്തനംതിട്ട: ചിറ്റാർ സീതത്തോട് പാതയിൽ കൂരാൻപാറ വളവിന് സമീപം അപകടത്തിൽപ്പെട്ട കാർ മാറ്റുന്നില്ലെന്ന് പരാതി. കൂരാൻപാറ വളവിന് സമീപത്താണ് ഒരാഴ്ചയായി അപകടത്തിൽപ്പെട്ട കാർ റോഡിനോട് ചേർന്ന് കിടക്കുന്നത്. ഇറക്കവും കയറ്റവുംമുളള വളവിൽ റോഡരികിൽ കാർ കിടക്കുന്നതിനാൽ വീണ്ടും അപകടത്തിന് കാരണമാകുന്നുവെന്ന് കാട്ടി സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും പൊലീസിൽ പരാതി നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുചക്രവാഹനത്തിൽ എത്തിയ സംഘം ഇവിടെ അപകടത്തിൽപെട്ടിരുന്നു. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതും അപകടത്തിന് സാദ്ധ്യത ഏറുന്നു. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന ദമ്പതികൾ ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്തുനിന്നും കാറ് മാറ്റാൻ പൊലീസ് നടപടിസ്വീകരിച്ചില്ലെങ്കിൽ എസ്പിക്ക് പരാതി നൽകാനൊരുങ്ങുകയാണ് സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും.