ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവൻ 1914-ൽ ചെങ്ങന്നൂരിനു സമീപം പാറയ്ക്കലിൽ സന്ദർശനം നടത്തിയതിന്റെ സ്മരണ പുതുക്കി 3218-ാം പാറയ്ക്കൽ ശാഖയും ശ്രീനാരായണ ധർമ്മ സേവാസംഘ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ 23ന് ആരംഭിക്കും. രാവിലെ 9.30ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസി നിലവിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്യും. പാറയ്ക്കൽ ശിവഗിരി തീർത്ഥാടന വിശ്രമ കേന്ദ്രത്തിൽ നടക്കുന്ന കൺവെൻഷനിൽ ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പാറയ്ക്കൽ ശാഖയിലെ 75 വയസ് പൂർത്തിയായവരേയും പഠനത്തിൽ മികവ് പുലർത്തിയവരേയും ആദരിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, അനിൽ കണ്ണാടി, ശാഖാ പ്രസിഡന്റ് എം.എസ്.ബാബുജി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, ട്രസ്റ്റ് സെക്രട്ടറി പി.എൻ.വിജയൻ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി മോഹനൻ എൻ. കൃതജ്ഞതയും പറയും. വൈകിട്ട് 6.30ന് ഗുരുസാക്ഷാദ് പരബ്രഹ്മം എന്ന വിഷയത്തിൽ വിജയലാൽ നെടുംകണ്ടം പ്രഭാഷണം നടത്തും. 24ന് രാവിലെ 10ന് ഗുരുദർശനം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ എറണാകുളം നിത്യനികേതൻ ആശ്രമം സ്വാമിനി നിത്യചിന്മയ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് മനഃശക്തിയിലൂടെ ജീവിതവിജയം എന്ന വിഷയത്തിൽ എറണാകുളം മൈൻഡ് മിഷൻ ഡയറക്ടർ ഡോ.മുരളി മോഹൻ പ്രഭാഷണം നടത്തും. പാറയ്ക്കൽ ഗുരുമന്ദിരത്തിലെ 54-ാം മത് വാർഷികത്തോടനുബന്ധിച്ച് 25 ന് വിശേഷാൽ പൂജയും അന്നദാനവും വൈകിട്ട് 4ന് നാമജപലഹരിയും രാത്രി 9ന് ഓച്ചിറ മഹിമ അവതരിപ്പിക്കുന്ന നാടകവും നടക്കും. ശിവഗിരി തീർത്ഥാടകർക്കും ഗുരുദേവ ഭക്തർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി യൂണിയന്റെ ആത്മീയ കേന്ദ്രമാക്കി മാറ്റുവാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് എസ്.എൻ.ഡി.പി.യൂണിയൻ മുൻകൈ എടുക്കുമെന്ന് ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു.