ചെങ്ങന്നൂർ: കോൺഗ്രസ് പിന്തുണയിൽ സി.പി.എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ അവിശ്വാസപ്രമേയവുമായി ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് പ്രമേയം . പ്രസിഡന്റ് ബിന്ദു കുരുവിളയ്‌ക്കെതിരെ സജു ഇടക്കല്ലിലും വൈസ് പ്രസിഡന്റ് ബീന ബിജുവിനെതിരെ കലാ രമേശുമാണ് നോട്ടീസ് നൽകിയത്.

ബി.ജെ.പി. 5, സി.പി.എം. 4, കോൺഗ്രസ് 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ രണ്ടു തവണ കോൺഗ്രസ് പിന്തുണയിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തപ്പോൾ ഇരുവരും രാജിവച്ചിരുന്നു. മൂന്നാം തവണയും തിരഞ്ഞെടുത്തപ്പോൾ സ്ഥാനമേൽക്കുകയായിരുന്നു. 29ന് അവിശ്വാസപ്രമേയത്തിന്മേൽ ചർച്ചയും വോട്ടെടുപ്പും നടത്തുമെന്ന് ചെങ്ങന്നൂർ ബി.ഡി.ഒ എസ്. ബീന പറഞ്ഞു.