അടൂർ : കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടിയോട് മുഖം തിരിച്ച് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. ഗ്രാമപ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സി ഗ്രാമ വണ്ടി സർവീസ് പ്രഖ്യാപിച്ചത്. താൽപ്പര്യമുള്ള പഞ്ചായത്തുകൾ കെ.എസ്.ആർ.ടി.സിക്ക് പ്രൊപ്പോസൽ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞു. ജില്ലയിൽ ഒരിടത്തു നിന്നും ഒരു പ്രൊപ്പോസൽ പോലും കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടില്ല. ടിക്കറ്റ് ചാർജ് കൂടാതെ ഡീസലിന്റെ തുക തദ്ദേശസ്വയംഭരണസ്ഥാപനം നൽകണമെന്നതും ഇതുസംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിർദ്ദേശങ്ങളോ ഉത്തരവുകളോ ലഭ്യമല്ലാത്തതുമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിമുഖത കാട്ടാൻ കാരണം. കെ.എസ്.ആർ.ടി.സിയുടെ തീരുമാനം വന്ന ഉടനെ തന്നെ എ.ടി.ഒ.മാരുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പദ്ധതി വിശദീകരിക്കുകയും ചെയ്തതാണ്. ഒരു ദിവസം 150 കിലോമീറ്റർ ഓടാൻ 3325 രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനം നൽകേണ്ടത്. ഇത് സ്വകാര്യ പമ്പുമായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കരാറുണ്ടാക്കാം. കെ.എസ്.ആർ.ടി.സി.യുടെ പമ്പിൽ നിന്നും ഡീസൽ നിറക്കുന്നതിന് മൂന്നു മാസത്തെ തുക കെ.എസ്.ആർ.ടി.സിക്ക് മുൻകൂർ നൽകണം. ഈ നിർദേശങ്ങളോട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടന സംസ്ഥാന തലത്തിൽ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് അറിയുന്നത്.
..............................................
ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതി
ഗ്രാമപ്രദേശങ്ങളിൽ യാത്രാ ക്ലേശം അതിരൂക്ഷമാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസുകളും സർവീസ് നിറുത്തിയ സാഹചര്യമാണ് ഉള്ളത്. പഞ്ചായത്ത് അംഗങ്ങൾ മുതൽ നിരന്തരം ആവശ്യപെട്ടതാണ് ഗ്രാമവഴികളിലൂടെയുള്ള സർവീസുകൾ. പഞ്ചായത്തുകളും കെ.എസ്.ആർ.ടി.സിയും വിശദമായ ചർച്ച നടത്തി പ്രായോഗികമാക്കിയാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയായിരുന്നു.
- ഒരുദിവസം 150 കിലോമീറ്റർ ഓടാൻ 3325 രൂപ നൽകണം