road
കൊടുന്തറ-ഷട്ടർമുക്ക് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തിക്ക് കുഴിയെടുക്കുന്നു

പത്തനംതിട്ട : കൊടുന്തറ - ഷട്ടർമുക്ക് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മാണം തുടങ്ങി. ഒരു വശത്ത് സ്വകാര്യസ്ഥലങ്ങളും മറുവശത്ത് നിലവുമായ റോഡിന് ഒാടയ്ക്ക് മതിയായ സ്ഥലമുണ്ടാകുമോ എന്ന് ആശങ്ക പ്രദേശവാസികൾക്കുണ്ട്. വീതിയുള്ള ഒാട‌ നിർമ്മിച്ചില്ലെങ്കിൽ റോഡിൽ നിന്നുള്ള വെള്ളം കയറി നിലം മുങ്ങി അവിട‌െ നിന്ന് സമീപ വീടുകളിലേക്ക് ഒഴുകാൻ സാദ്ധ്യതയേറെയാണ്. കനത്ത മഴ പെയ്താൽ നിലം മുങ്ങുന്ന സ്ഥിതിയാണ്. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സമീപത്തെ വീട്ടുപറമ്പിൽ വെള്ളം കയറിയിരുന്നു. ഇനിയൊരു വെള്ളപ്പൊക്കം താങ്ങാനാവില്ലെന്ന് പ്രദേശവാസകൾ പറയുന്നു. ശാസ്ത്രീയമായ ഒാട നിർമ്മിച്ച ശേഷം റോഡ് പണി നട‌ത്തണമെന്നാണ് ആവശ്യം. വീതിയുള്ള ഒാട നിർമ്മിച്ചാൽ വെള്ളം കല്ലറക്കടവ് വഴി അച്ചൻകോവിലാറിൽ എത്തിക്കാൻ കഴിയും. റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭിത്തി കഴിഞ്ഞ് നിലത്തിനോട് ചേർന്ന് ഒാട നിർമ്മിക്കാൻ ആവശ്യമായ വീതിയില്ലെന്ന് പരാതിയുണ്ട്.

വീതി കൂട്ടി ടാറിംഗ്

നിലവിലെ റോഡിൽ ടാറിംഗിന്റെ വീതി കൂട്ടിയാണ് നിർമ്മാണം. നിലവിലെ വീതി 3.80മീറ്ററാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ ടാറിംഗിന് 5.50 മീറ്റർ വീതിയുണ്ടാകും. ബി.എം, ബി.സി അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണം. 1.8 കിലോമീറ്റർ നീളമുള്ള റോഡ് പുനർനിർമ്മാണത്തിന് 2.50കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

'' വെള്ളം ഒഴുകിപ്പോകാൻ ശാസ്ത്രീയമായ രീതിയിലാണ് ഒാട നിർമ്മാണം. ആരും പരാതി നൽകിയിട്ടില്ല.

പൊതുമ‌രാമത്ത് അധികൃതർ

'' റോഡ് പുനർനിർമ്മിക്കുമ്പോൾ ഒാടയ്ക്ക് വീതി വേണം. വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം ഒഴുകിപ്പോകാനുള്ള വഴിയൊരുക്കണം.

പി.ജി സുനിൽ കുമാർ, കൊടുന്തറ