പ്രമാടം :കോടികൾ മുടക്കി പുനർനിർമ്മിച്ച പൂങ്കാവ് -പ്രമാടം - പത്തനംതിട്ട റോഡിൽ മഴയിൽ ഒലിച്ചുപോയ ഭാഗത്ത് റീ ടാറിംഗ് നടത്തി. ആഴ്ചകൾക്ക് മുമ്പാണ് ഇവിടെ ആദ്യഘട്ട ടാറിംഗ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിലാണ് പ്രമാടം മറൂർ കുളപ്പാറ ധർമ്മശാസ്താക്ഷേത്ര കാണിക്ക മണ്ഡപത്തിനും കുരിശടിക്കും ഇടയിലെ വളവിലെ ടാറിംഗ് ഇളകിപ്പോയത്. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ നിലവിലെ ടാറിംഗ് പൂർണമായും നീക്കംചെയ്ത് പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിർദ്ദേശം നൽകുകയായിരുന്നു. നൂറ് മീറ്റർ ദൂരത്തിലാണ് റീ ടാറിംഗ് നടത്തിയത്. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഏഴ് കോടി രൂപ ചെലവിലാണ് റോഡ് പുനർനിർമ്മിക്കുന്നത്.
നേതാജി സ്‌കൂൾ ജംഗ്ഷൻ ഉൾപ്പടെയുള്ള ഭാഗങ്ങളിലും റോഡ് ബലക്ഷയം നേരിടുന്നുണ്ട്. പൊതുജനങ്ങളുടെ ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും പരാതിരഹിതമായായിരിക്കും തുടർ പ്രവർത്തനങ്ങളെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. നിർമ്മാണത്തിൽ അപാകതയില്ലെന്നും ടാറിംഗിന്റെ ഉൾപ്പടെ നിലവാരം പരിശോധിച്ച ശേഷമാണ് ബി.സി നിലവാരത്തിലുള്ള അടുത്ത ടാറിംഗ് നടത്തുകയെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ ഉന്നത നിലവാരത്തിൽ ഉയർത്തി റോഡ് പുനർനിർമ്മിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ റോഡുകൂടിയാണിത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പുനർനിർമ്മിക്കുന്നത്. ബി.എം. നിലവാരത്തിലുള്ള ടാറിംഗ് പൂർത്തിയായിട്ടുണ്ട്. റോഡ് ഉറച്ച ശേഷമായിരിക്കും ബി.സി നിലവാരത്തിലുള്ള ടാറിംഗ്.