മണ്ണാറക്കുളഞ്ഞി, ശാന്തിനഗർ ശാഖകൾ പ്രവർത്തനം നിറുത്തി
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ 3.94 കോടിയുടെ സാമ്പത്തിക ക്രമക്കേടെന്ന പരാതിയിൽ സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. അസിസ്റ്റന്റ് രജിസ്ട്രാർ എസ്. ബിന്ദു നൽകിയ പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. ഒാഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. 3,94,57,566 രൂപയുടെ സാമ്പത്തിക തിരിമറിയാണ് ആരോപിക്കുന്നത്. അമൃത എന്ന പേരിൽ ആട്ട ഉൽപാദിപ്പിക്കുന്ന ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോഷ്വാ മാത്യു. 3.94 കോടിയുടെ ഗോതമ്പ് , ഫാക്ടറിയിൽ സ്റ്റോക്കുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി പണാപഹരണം നടത്തിയെന്ന് സഹകരണ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എ.പി.സി. 409, 420 വകുപ്പുകളാണ് ജോഷ്വാ മാത്യുവിനെതിരെ ചുമത്തിയിട്ടുളളത്. സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കാൻ 10 ദിവസം മാത്രമാണ് ശേഷിക്കുന്നത്. കേസെടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സെക്രട്ടറി. ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. ഹെഡ് ഒാഫിസിനു പുറമേ സഹകരണ ബാങ്കിന്റെ മണ്ണാറക്കുളഞ്ഞി, ശാന്തിനഗർ ശാഖകളും പ്രവർത്തനം നിറുത്തി..
ഭരണസമിതിയുടെ പൂർണ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ വായ്പകൾ നൽകിയിട്ടുള്ളത്. ഇതിൽ മിക്കതിനും കൃത്യമായ മേൽവിലാസം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. കേരള ബാങ്കിൽ നിന്ന് ലഭിച്ച വായ്പയിൽ ലക്ഷക്കണക്കിന് രൂപ മോണിറ്ററിംഗ് കമ്മിറ്റിയെ മറികടന്ന് ചിലർക്ക് മാത്രമായി നൽകിയെന്നും ഇവർ ആരോപിക്കുന്നു. കോടികളുടെ വായ്പാകുടിശ്ശികയെന്ന ആരോപണത്തിൽ മൈലപ്ര സഹകരണ ബാങ്കിനെതിരേ സഹകരണ നിയമം 65’ പ്രകാരം ജോയിന്റ് രജിസ്ട്രാറാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിലെ വായ്പ തിരിച്ചടവ്, അമൃതഫാക്ടറിയുമായി ബന്ധപ്പെട്ട ഇടപാടുകൾ തുടങ്ങിയവയെല്ലാം പരിശോധിക്കുമെന്ന് സഹകരണ വകുപ്പ് അധികൃതർ പറഞ്ഞു.