
പത്തനംതിട്ട : സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാകുമെന്ന നിഗമനത്തിൽ ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാത വികസന പദ്ധതിയിൽ നിർദേശിച്ച 30മീറ്റർ വീതി 18 മീറ്ററായി കുറയ്ക്കും. പദ്ധതിക്കായി എത്രമാത്രം സ്ഥലം ഏറ്റെടുക്കേണ്ടി വരും എന്നതുസംബന്ധിച്ച് പഠനം നടക്കുകയാണ്. നിലവിലെ രണ്ടുവരി പാത നാലുവരിയാക്കുന്നതിനുള്ള പദ്ധതി കേന്ദ്രം നേരത്തേ അംഗീകരിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ പ്രകാരം 30 മീറ്റർ മുതൽ 45 മീറ്റർ വരെയാണ് വീതി വേണ്ടത്. ഇതിന് വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടിവരും. സംസ്ഥാനത്തെ റോഡിന്റെ വശങ്ങളിൽ നിന്ന് വലിയതോതിൽ സ്ഥലം ഏറ്റെടുപ്പ് പ്രയാേഗികമല്ലെന്ന് ജനപ്രതിനിധികൾ കേന്ദ്ര ഗതാഗതമന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് വീതി 18 മുതൽ 25 മീറ്റർ വരെയാക്കിയത്. ബൈപ്പാസ് ഭാഗങ്ങളിലാണ് 25 മീറ്റർ വീതി വേണ്ടിവരിക. ഭേദഗതി വരുത്തുന്ന പദ്ധതി കേന്ദ്രം അംഗീകരിക്കുമെന്നാണ് സൂചന.
നിലവിൽ 10 മീറ്റർ വീതിയുള്ള ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത 16 മീറ്റർ വീതിയിൽ പുനർനിർമിക്കുന്ന പദ്ധതി കേന്ദ്ര സർക്കാരിന്റെ 2018 -19 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി ഡ്രോൺ ഉപയോഗിച്ചുള്ള സർവേയും നടത്തി. പിന്നീട് വീതി 30 മുതൽ 45 മീറ്റർ വരെയാക്കി പദ്ധതി പുതുക്കി സമർപ്പിക്കണമെന്ന് നിർദേശിച്ചു.
സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എം.പിയടക്കമുള്ള ജനപ്രതിനിധികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയാണ് റോഡിന്റെ വീതി 18 മുതൽ 25 മീറ്റർ വരെയായി കുറച്ചത്. ദേശീയപാത ഉദ്യോഗസ്ഥരും കൺസൾട്ടന്റ് ഏജൻസിയായ സ്റ്റുപ്പും അലൈൻമെന്റിൽ ഭേദഗതി വരുത്തുന്നതിന് സ്ഥല പരിശോധന നടത്തി.
ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാത കടന്നുപോകുന്നത്
ഭരണിക്കാവ് , കടമ്പനാട്, അടൂർ, തട്ട, പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, കണമല, മുണ്ടക്കയം
2018-19ൽ അംഗീകരിച്ച ആകെ ചെലവ് 1600 കോടി
ബൈപ്പാസുകൾ: കടമ്പനാട്, അടൂർ, കൈപ്പട്ടൂർ, മുക്കൂട്ടുതറ, കരുതലം, മുണ്ടക്കയം.
ഇലവുങ്കൽ - പമ്പ റോഡും വികസിക്കും
ദേശീയ പാത 183എ വകസനത്തിന്റെ ഭാഗമായി ശബരിമല പാതയിലെ ഇലവുങ്കൽ - പമ്പ റോഡിന്റെ വീതി കൂട്ടും. നിലവിൽ 10 മീറ്ററാണ് വീതി. 18 മീറ്ററിലേക്ക് വികസിപ്പിക്കാൻ വനഭൂമി ഏറ്റെടുക്കേണ്ടിവരും.
'' പദ്ധതി പരിഷ്കരിക്കുന്ന ജോലികൾ അടുത്തയാഴ്ച പൂർത്തിയാകും. അലൈൻമെന്റിൽ ഭേദഗതി വരുത്തിയാലും പദ്ധതി നടപ്പാക്കണമെന്ന പോസിറ്റീവ് നിലപാടിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ആന്റോ ആന്റണി എം.പി.