പത്തനംതിട്ട: ക്രമക്കേടുകളെ തുടർന്ന് മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെ സസ്പെൻഡ് ചെയ്തു. ഇന്നലെ ചേർന്ന ബാേർഡ് യോഗത്തിലാണ് തീരുമാനം. തട്ടിപ്പിൽ ഭരണ സമിതിയിലുള്ള ചിലർക്കും പങ്കുള്ളതായി സൂചനകളുണ്ട്. അന്വേഷണം ഇവരിലേക്കും നീളും.
ക്രമക്കേടിനെക്കുറിച്ചുളള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ചുളള ശുപാർശ ജില്ലാ പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകും. മൂന്നുകോടി രൂപയ്ക്ക് മുകളിൽ വരുന്ന സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലാണ്. മൈലപ്രാ ബാങ്കിൽ 3.94 കോടിയുടെ സാമ്പത്തിക തിരിമറിയാണ് സംശയിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിച്ചിട്ടുളള ജോഷ്വാമാത്യു അറസ്റ്റ് ഒഴിവാക്കാൻ മാർഗം തേടുന്നതായാണ് വിവരം. അസിസ്റ്റന്റ് രജിസ്ട്രാർ എസ്. ബിന്ദു നൽകിയ പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. എെ.പി.സി. 409, 420 വകുപ്പുകളാണ് ജോഷ്വാമാത്യുവിനെതിരെ ചുമത്തിയിട്ടുള്ളത്. ബാങ്കിന്റെ അധീനതയിലുളള ഗോതമ്പ് ഫാക്ടറിയിൽ 3.94 കോടി രൂപയുടെ സ്റ്റോക്കുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി പണാപഹരണം നടത്തിയെന്ന് സഹകരണവകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു.