മല്ലപ്പള്ളി : താലൂക്കിൽ കാറ്റിലും മഴയിലും വ്യാപകനാശം. കോട്ടാങ്ങൽ വില്ലേജിലെ പുല്ലാനിപ്പാറ ,ആലപ്രക്കാട്,എഴുമറ്റൂർ വില്ലേജിലെ കൊറ്റൻകുടി, വേങ്ങഴ, പുറ്റത്താനി, കൂലിപ്പാറ, വട്ടരി , മലേക്കീഴ് എന്നിവിടങ്ങളിലും, മല്ലപ്പള്ളി പഞ്ചായത്തിലെ വേങ്ങത്താനം, പാടിമൺ എന്നിവിടങ്ങളിലുമാണ് വൻ നാശം ഉണ്ടായത്. കോട്ടാങ്ങൽ, എഴുമറ്റൂർ പ്രദേശങ്ങളിൽ വീടുകളുടെ മുകളിൽ മരങ്ങൾ വീണ് നാശനഷ്ടം സംഭവിക്കുകയും വൈദ്യുത തൂണുകൾ തകർന്നു. കുളത്തൂരിൽ മുല്ലൂർ ബിജു മാത്യുവിന്റെ വീടിന് മിന്നലിൽ മെയിൻ സ്വിച്ച് അടക്കം ചിതറി വീണു. എഴുമറ്റൂരിൽ വട്ടരിയിൽ മധുവിന്റെ വീടിന് മുകളിൽ തേക്കുമരം വീണ് മേൽക്കൂര തകർന്നു. മാവേലിൽ ജോസ് , വേലൻ പറമ്പിൽ ചന്ദ്രൻ, കൂലിപ്പാറ പുത്തൻ വീട്ടിൽ സരസ്വതി, എന്നിവരുടെ വീടുകൾക്കും നാശം സംഭവിച്ചു. പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ തകർന്നു വൈദ്യുതി ബന്ധം നിലച്ചു. ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ ആൽമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് വൈദ്യുതി ലൈനിൽ നാശം ഉണ്ടായി. ആലപ്രയിലും, പുല്ലാന്നി പാറയിലും ,പാടി മരങ്ങൾ കടപുഴകി നാശം വിതച്ചു. പല സ്ഥലത്തും ഗതാഗതം തടസം ഉണ്ടായി. വായ്പ്പൂര് കെ.എസ്.ഇബി സെക്ഷൻ പരിധിയിൽ കയിൻന്തോടത്തിക്കടവ് ട്രാൻഫോർമർപരിധിയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല. ഇന്നലെ ഉച്ചക്ക് ശേഷം വൈദ്യുതി വന്നെങ്കിലും വോൾട്ടേജ് ക്ഷാമം കാര്യമായി ബാധിച്ചു. ഇലക്ട്രിക്ക് സിറ്റി ഓഫീസിലേക്ക് വിളിച്ചാൽ അധികൃതർ ഫോൺ എടുക്കാറില്ലെന്ന പരാതി വ്യാപകമാണ്.