
പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിൽ നിറുത്തലാക്കിയ ഫോളോ അപ് ക്ലിനിക്ക് വീണ്ടും കോഴഞ്ചേരി ജില്ലാആശുപത്രിയിൽ പ്രവർത്തനം തുടങ്ങുന്നു. കാൻസർ രോഗികൾക്കായി തിരുവനന്തപുരം ആർ.സി.സിയുടെ കീഴിലുള്ള ക്ലിനിക്കാണിത്. ഇരുപത് വർഷമായി ജില്ലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്ക് കൊവിഡ് കാരണം രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്. എല്ലാ മാസത്തിലേയും ആദ്യത്തെ ശനിയാഴ്ചയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ആർ.സി.സിയിലുള്ള രണ്ട് ഡോക്ടർമാർ അന്നേ ദിവസം ജില്ലാ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തും. രോഗികൾക്ക് തിരുവനന്തപുരത്ത് പോയി വരുന്ന ബുദ്ധിമുട്ട് ഇതിലൂടെ മറികടക്കാം. തിരുവനന്തപുരത്ത് ആദ്യം കാണിച്ചപ്പോൾ മുതലുള്ള വിവരങ്ങൾ അടങ്ങിയ ഫയൽ അടക്കം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ആർ.സി.സിയിൽ ചികിത്സ ആരംഭിച്ച രോഗിക്ക് തുടർചികിത്സയ്ക്കായാണ് ഫോളോ അപ് ക്ലിനിക്കെങ്കിലും രോഗ സംശയമുള്ളവർക്കും ഡോക്ടറെ കാണാൻ കഴിയും. കോഴഞ്ചേരിയിലെ ജില്ലാ കാൻസർ സെന്ററിന് അനുബന്ധമായാണ് ഫോളോ അപ് കാൻസർ സെന്ററും പ്രവർത്തിക്കുന്നത്.
ജില്ലയ്ക്ക് പുറത്തെ രോഗികൾക്കും ആശ്രയം
കാൻസർ രോഗ ചികിത്സയ്ക്കായി ജില്ലയുടെ സമീപപ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്താറുണ്ട്. ചങ്ങനാശ്ശേരി, മാവേലിക്കര, പത്തനാപുരം, മണിമല എന്നിവിടങ്ങളിൽ നിന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി നിരവധി പേർ വരാറുണ്ട്. ജില്ലയിൽ തന്നെ ഇരുപതിനായിരത്തിലധികം കാൻസർ രോഗികളുണ്ട്. മാസത്തിലെ ആദ്യത്തെ ശനിയാഴ്ചകളിൽ എൺപതോളം പേർ ക്ലിനിക്കിലെത്തി ഡോക്ടറെ കാണാറുണ്ട്. കൊവിഡ് സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ച വിഭാഗമായിരുന്നു കാൻസർ രോഗികൾ. തുടർ ചികിത്സ കൃത്യമായി ലഭിക്കേണ്ടതിനാൽ വേറെ ആശുപത്രിയെ ആശ്രയിക്കാനും ബുദ്ധിമുട്ടാണ്.
മേയ് 7 മുതൽ പ്രവർത്തനം
ഫോളോ അപ് ക്ലിനിക്ക് മേയ് 7 മുതലാണ് കോഴഞ്ചേരിയിൽ പുനരാരംഭിക്കുന്നത്. പരിശോധനയ്ക്ക് വിധേയരാവാൻ ആഗ്രഹിക്കുന്ന രോഗികൾ മേയ് 2ന് മുമ്പ് അവരുടെ ചികിത്സാ കാർഡും സി.ആർ നമ്പറും ഹാജരാക്കി 200 രൂപ ഫീസും അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 9562652166, 6282885463, 9072436903.