
അടൂർ : ജില്ലയിൽ ലൈഫ് മിഷനിൽ വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് 62,482 കുടുംബങ്ങൾ. 2018 -19 മുതൽ 2020 ഫെബ്രുവരി 20 വരെ അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരം ഓൺലൈനായി അപേക്ഷിച്ചവരുടെ കണക്കാണിത്. ഇതിൽ ഭൂമിയും വീടും ഇല്ലാത്തവരുടെ 14,548 അപേക്ഷയും ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവരുടെ 47,934 അപേക്ഷയും ലഭിച്ചു. ഭൂമിയും വീടും ഇല്ലാത്ത വിഭാഗത്തിലെ 12247 അപേക്ഷകളും ഭൂമിയുണ്ടായിട്ടും വീടില്ലാത്ത വിഭാഗത്തിൽ ലഭിച്ച 26817 അപേക്ഷകളും പുന:പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. ഓൺലൈനിൽ അപേക്ഷിച്ചാൽ മാത്രമേ പരിഗണിക്കൂ എന്നതറിയാതെ പഞ്ചായത്ത് ഒാഫീസുകളിൽ നേരിട്ട് അപേക്ഷ നൽകിയവർ നിരവധിയാണ്. ഒന്നാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പഞ്ചായത്തുകളിൽ അപേക്ഷ നൽകിയവർ ലിസ്റ്റിൽ പേരില്ലാത്തത് ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നു. പലരും കളക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകി. പഞ്ചായത്തുകളിൽ മാന്വലായി കിട്ടിയവ കൂടി പരിഗണിച്ചാൽ അപേക്ഷകളുടെ എണ്ണം 73,500 ആകും. ഓൺലൈനായി ലഭിച്ച അപേക്ഷകളുടെ എണ്ണത്തിലെ വർദ്ധനവ് കണക്കിലെടുത്ത് അപേക്ഷകൾ പുനപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. 40 ശതമാനത്തിൽ അധികം അപേക്ഷകൾ ലഭ്യമായ വാർഡുകളിലാണ് പുനഃപരിശോധന നടത്തുന്നത്. ഏപ്രിൽ 18ന് പരിശോധന പൂർത്തിയാക്കി 19 ന് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. സമയപരിധിയും കഴിഞ്ഞിട്ടും നഗരസഭകളിൽ പരിശോധന തുടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
പുനപരിശോധനയ്ക്ക് പഞ്ചായത്തുകൾക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സേവനം നൽകാതിരുന്നതാണ് പരിശോധന വൈകാൻ കാരണമായി ലൈഫ് മിഷൻ അധികൃതർ പറയുന്നത്. പഞ്ചായത്തുകളിലെയും ബ്ലോക്കിലെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മുൻസിപ്പാലിറ്റികളിൽ പുനപരിശോധന അവസാനിപ്പിക്കേണ്ട ഏപ്രിൽ 18നായിരുന്നു ഉദ്യോഗസ്ഥരുടെ നിയമനം.
ഇനിയും കടമ്പകളേറെ
ലൈഫ് മിഷന്റെ പുന:പരിശോധനയും കഴിഞ്ഞ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ അതിൽ ഉൾപ്പെടാത്തവർക്ക് ആദ്യം ബ്ലോക്കിലും പിന്നീട് കളക്ടറേറ്റിലും രണ്ട് അപ്പിലുകൾ നൽകാനുള്ള സമയമുണ്ട്. ഈ സമയ പരിധി കഴിഞ്ഞ് വീണ്ടും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇത് ഗ്രാമസഭകളുടെ അംഗീകാരവും വാങ്ങി അതാത് പഞ്ചായത്തു കമ്മിറ്റികളുട തീരുമാനവും കഴിഞ്ഞ് ലൈഫ് മിഷനിൽ തിരിച്ചെത്തിയെങ്കിൽ മാത്രമേ അന്തിമ ലിസ്റ്റ് ആകുകയുള്ളു. ഇത്രയും നടപടിക്രമങ്ങൾ ഇനിയും ബാക്കിയാണ്.