jomy
മന്ത്രി ആന്റണി രാജു പരാതി പരിഹാരത്തിനായി ജോമിയുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിയുന്നു

പത്തനംതിട്ട : സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവൽകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടു കൂടി 75 കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകളും ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കുകളും നിർമ്മിക്കും. അദാലത്തിൽ 310 പരാതികൾ പരിഹരിച്ചു. 11 പരാതികളിൽ തവണ വ്യവസ്ഥയിൽ നികുതി അടയ്ക്കാൻ ഉത്തരവായി. 15 പരാതികൾ ഗതാഗത കമ്മീഷണർക്കും ബാക്കിയുള്ള പരാതികൾ സബ് ഓഫീസുകൾക്കും കൈമാറി.

തിരുവല്ല ടൗണിലെ ഡിവൈഡർ സംവിധാനം അശാസ്ത്രീയമാണെന്നും പരിഹാരം വേണമെന്നും അഭ്യർത്ഥിച്ച് ചെറുകിട വ്യാപാരികൾ മന്ത്രി ആന്റണി രാജുവിനെ കണ്ടു. ചെറുകിട വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും അടങ്ങുന്നവരുടെ പ്രതിനിധികളാണ് മന്ത്രിക്കരികിൽ എത്തിയത്. ഇക്കാര്യം പരിശോധിക്കാമെന്ന മന്ത്രി അറിയിച്ചു.

അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നഗരസഭാ കൗൺസിലർ കെ.ആർ.അജിത് കുമാർ, പത്തനംതിട്ട ആർ.ടി.ഒ എ.കെ. ദിലു, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഹരികൃഷ്ണൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പ്രം തുടങ്ങിയവർ പങ്കെടുത്തു.

പടികൾ കയറാൻ കഴിയില്ല,
ജോമിയെ കാണാൻ മന്ത്രിയെത്തി

അപകടത്തിൽ കാല് നഷ്ടപ്പെട്ട പത്തനംതിട്ട കണ്ണങ്കര കുരിശുങ്കൽ ജോമി വാഹനീയം അദാലത്തിൽ പരാതി നൽകാൻ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തി പടിക്കെട്ടുകൾ കയറാനാവാതെ കുഴങ്ങി. ഇതറിഞ്ഞ മന്ത്രി ആന്റണി രാജു പരാതി പരിഹാരത്തിനായി ജോമിയുടെ അടുത്തെത്തി.
ജോമിയുടെ ചികിത്സ നടക്കവേയാണ് ഭാര്യ അജിത കാൻസർ ബാധിതയാണെന്ന് അറിയുന്നത്. കുടുംബത്തിന്റെ ഏകവരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ. എന്നാൽ, ആശുപത്രി ചെലവുകൾ കൂടി വന്നതോടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഓട്ടോയുടെ ടാക്‌സും ഇൻഷുറൻസും കുടിശികയായി. പണമടയ്ക്കാൻ കഴിയാതിരുന്ന ജോമി അദാലത്തിലെത്തി മന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ജോമിയുടെ കുടുംബം വാടകവീട്ടിലാണ് താമസം. മന്ത്രി കുടിശികയിൽ പരമാവധി ഇളവ് നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

ഭിന്നശേഷിക്കുട്ടികൾക്കായി സർക്കുലർ

ഇരുചക്രവാഹനത്തിൽ മൂന്ന് പേർ സഞ്ചരിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ വഴി വാഹനത്തിന്റെ ചിത്രം പകർത്തുകയും പിഴ ഈടാക്കുകയും ചെയ്യും. വാഹനീയം അദാലത്തിലെത്തിയ മധുസൂദനന്റെ പരാതിയും ഇതു തന്നെയായിരുന്നു. ഭിന്നശേഷിക്കാരനായ പന്ത്രണ്ട് വയസുകാരൻ മകനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്പീച്ച് തെറാപ്പിക്കും മറ്റുമായി കൊണ്ടുപോകുന്നത് ഭാര്യയ്‌ക്കൊപ്പം ഇരുചക്രവാഹനത്തിലാണ്. എന്നാൽ, മൂന്ന് പേർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പല തവണ കാമറകൾ വഴി പിഴ ഈടാക്കിയിരുന്നു. ആവശ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പൊതുസർക്കുലർ ഇറക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.