photo
വള്ളിക്കോട് ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ

വള്ളിക്കോട് : ഗുരുപ്രസാദം വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന സമുദായത്തിന്റെ ഫ്ളക്സ് ബോർഡും കൊടിതോരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇന്നലെ നടന്ന ചടങ്ങിന്റെ ഭാഗമായി വീടിന് സമീപം സ്ഥാപിച്ചിരുന്ന സമുദായത്തിന്റെ കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിച്ചത്. സംഭവത്തിൽ ശാഖാ യോഗം പ്രതിഷേധിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വിവിധ സമുദായങ്ങളിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് മതസൗഹാർദ്ദം തകർത്ത് സമുദായ അംഗങ്ങളുടെ മനസിൽ സ്പർദ്ധ വളർത്താൻ സാമൂഹ്യവിരുദ്ധർ കുരുതിക്കൂട്ടി ചെയ്ത ശ്രമമാണ് ഇതെന്ന് പരാതിയിൽ പറയുന്നു.

ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്തിന്റെ

അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ വൈസ് പ്രസിഡന്റ് ജി. സുഭാഷ്, സെക്രട്ടറി ശാന്തമ്മ സദാശിവൻ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ. വിനോദ്, ശാഖാ കമ്മിറ്റി അംഗങ്ങളായ പ്രകാശ്, സുരേഷ് കുമാർ, ലകേഷ്, വിജയകുമാർ, സുജാത, പ്രസന്നൻ, രാഘവൻ എന്നിവർ സംസാരിച്ചു. പത്തനംതിട്ട പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തുമെന്ന് പൊലീസ് ശാഖാ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.