chundan
നിർമാണം പുരോഗമിക്കുന്ന നിരണം ചുണ്ടന്റെ മലർത്തൽ ഭാരവാഹികളും നാട്ടുകാരും ചേർന്ന് നിർവഹിക്കുന്നു

തിരുവല്ല : ആർപ്പുവിളികളും വഞ്ചിപ്പാട്ടും വാദ്യമേളങ്ങളും ആവേശംപകർന്ന നിമിഷങ്ങളിൽ പുരുഷാരം ഒന്നാകെ നിരണം പുത്തൻ ചുണ്ടനായി കൈകോർത്തു. ഇരതോട്ടിലെ മാലിപ്പുരയിൽ നിർമ്മാണം പുരോഗമിക്കുന്ന നിരണം ചുണ്ടന്റെ മലർത്തൽ നാടിന് ഉത്സവമായി. നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന് പാതി പൂർത്തിയായ ചുണ്ടൻ വള്ളം ഇന്നലെ ഉച്ചയോടെ മലർത്തി. മത്സരവള്ളംകളിക്ക് വേണ്ടിയുള്ള ജില്ലയിലെ ആദ്യ ചുണ്ടൻ വള്ളത്തിന്റെ ആഘോഷങ്ങൾ ഗ്രാമീണജനതയ്ക്ക് പുത്തൻ അനുഭവമായി. വള്ളം നിർമ്മാണ കമ്മിറ്റി വൈസ് പ്രസിഡന്റ് റോബി തോമസ് അദ്ധ്യക്ഷതവഹിച്ചു. നിരണം സ്വദേശിയും കെ.ജി.എ ഗ്രൂപ്പ് ചെയർമാനുമായ കെ.ജി ഏബ്രഹാമിനെ സമിതി പ്രസിഡന്റ് റെജി അടിവാക്കലും ചുണ്ടൻവള്ളത്തിന്റെ തച്ചൻ കോയിൽ മുക്ക് ഉമാ മഹേശ്വരൻ ആചാരിയെ ആർ.കെ കുറുപ്പും ആദരിച്ചു. ആന്റോ ആന്റണി എം.പി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഏബ്രഹാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ അലക്സ് പൂത്തുപ്പള്ളി, വി.ടി.ബിനീഷ്, ചുണ്ടൻ വള്ള ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.കെ.കുറുപ്പ്, നെഹ്‌റു ട്രോഫി കമന്റേറ്റർ സജി ചേരമൻ, വഞ്ചിപ്പാട്ട് കലാകാരൻ ചമ്പക്കുളം ബേബി, സെക്രട്ടറി അജിൽ പുരയ്ക്കൽ, ട്രഷറർ ജോബി ആലപ്പാട്, അനിൽ തോമസ്, അലക്സ് പനയ്ക്കാമറ്റം, അനിൽ തോമസ്, ജോബി ദാനിയേൽ, അമൽ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.