ചെങ്ങന്നൂർ: ഇടനാട് വഞ്ഞിപ്പോട്ടിൽ കടവിൽ ആദിപമ്പ-വരട്ടാർ പുനരുജ്ജീവനത്തിന്റെ പ്രവൃത്തികളിൽ മണൽ നീക്കം മാത്രമാണ് സജ്ജീവമായി നടത്തുന്നതെന്നു ഇറിഗേഷൻ വകുപ്പിന്റെയും വിലയിരുത്തൽ. മേയ് 20ന് പ്രവൃത്തികളുടെ കാലാവധി അവസാനിക്കാനിരിക്കെ നിലവിലെ പ്രവൃത്തി പുരോഗതി 0.53 ശതമാനം മാത്രമാണ്. കരാറുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ പുരോഗതി വളരെ കുറവാണ്. വരട്ടാറിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടു പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും, ചെളിയും, എക്കലും മറ്റുള്ള എല്ലാ പ്രളയാവശിഷ്ടങ്ങളും നീക്കം ചെയ്യാനാണ് കരാർ നൽകിയത്. എന്നാൽ നീക്കം ചെയ്യുന്നവയിൽ നിന്നും നിലവിൽ മണൽ മാത്രം വേർതിരിച്ചെടുക്കുന്ന പ്രവൃത്തിയാണ് സജ്ജീവമായി നടക്കുന്നത്. പ്രവൃത്തികൾ പൂർണമായും ചെയ്യണമെന്ന കർശന നിർദേശമാണ് ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയിരിക്കുന്നത്. മണൽ മാത്രം അരിച്ച് ശേഖരിക്കുന്നു. ആദ്യഘട്ടങ്ങളിൽ പ്രദേശത്തു പ്രവേശനം പോലും നിഷേധിച്ചാണ് പ്രവൃത്തികൾ ആരംഭിച്ചിരുന്നത്. അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിറുത്തി ഖനനം ചെയ്യുമെന്നു പ്രഖ്യാപിച്ചെങ്കിലും വഞ്ഞിപ്പോട്ടിൽ കടവിൽ മണൽ ഖനനമാണ് നടത്തുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. വെള്ളത്തിൽ നിന്ന് മണൽ ഡ്രജ്ജ് ചെയ്ത് അരിച്ച് കൂട്ടിയിരുന്നു പല തരത്തിൽ മണൽ വേർതിരിച്ചു കഴുകിയെടുക്കാൻ വിവിധയിനം അരിപ്പകളും, തീരത്തോടു ചേർന്നു ചെറിയ കുളങ്ങളും നിർമ്മിച്ചിരുന്നു. വലിയ അളവിൽ മണൽ കടത്തിയതായും പരാതിയുയർന്നിരുന്നു. എന്നാൽ പാസോടു കൂടി മാത്രമാണ് മണൽ നീക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നത്. ഒരു മാസമായി എം.സി. റോഡിൽ കല്ലിശേരിക്കു സമീപം വരട്ടാറിൽ നിന്നെടുത്ത മണൽ ശേഖരിച്ചു വിൽപ്പന നടത്തുന്നുണ്ട്.
ഇപ്പോൾ നടക്കുന്നത്
വരട്ടാറിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടു പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും, ചെളിയും, എക്കലും മറ്റുള്ള എല്ലാ പ്രളയാവശിഷ്ടങ്ങളും നീക്കം ചെയ്യാനാണ് കരാർ നൽകിയത്. എന്നാൽ നീക്കം ചെയ്യുന്നവയിൽ നിന്നും നിലവിൽ മണൽ മാത്രം വേർതിരിച്ചെടുക്കുന്ന പ്രവൃത്തിയാണ് സജ്ജീവമായി നടക്കുന്നത്.
.......................
യാതൊരു പരിസ്ഥിതി പഠനവുമില്ലാതെ നടത്തുന്ന മണൽഖനനം മൂലം വരുന്ന കാലവർഷത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അതിഭീകരമായിരിക്കും. ചെങ്ങന്നൂർ നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ മറികടന്നാണ് ഖനനം നടത്തുന്നത്. അടിഞ്ഞു കൂടിയ ചെളിയും, എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യാതെ മണൽ മാത്രം വേർതിരിച്ചെടുക്കുകയാണ്. വിഷയത്തിൽ പ്രദേശവാസികൾ നഗരസഭയ്ക്കു പരാതി നൽകിയിരുന്നു.
ഗോപു പുത്തൻമഠത്തിൽ
(നഗരസഭ ഉപാദ്ധ്യക്ഷൻ)
...............