പത്തനംതിട്ട : കേരള പത്രപ്രവർത്തക യൂണിയൻ, കേരളാ ഒളിമ്പിക് അസോസിയേഷൻ, കേരള മീഡിയ അക്കാഡമി എന്നിവ സംയുക്തമായി കേരള ഗെയിംസിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ചിട്ടുള്ള ഫോട്ടോവണ്ടി 26ന് ജില്ലയിൽ പര്യടനം നടത്തും.
പത്രത്താളുകളിലെ കേരള കായിക ചരിത്രവുമായി ബന്ധപ്പെട്ട് പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളാണ് ഫോട്ടോവണ്ടിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
16 ന് പി.ടി.ഉഷയുടെ വീട് സ്ഥിതി ചെയ്യുന്ന പയ്യോളിയിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. 26 ന് രാവിലെ 9.30ന് തിരുവല്ലയിൽ എത്തുന്ന ഫോട്ടോ വണ്ടിയെ കുരിശുകവലയിൽ നിന്ന് സ്വീകരിക്കും. തുടർന്ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ ജില്ലയിലെ പ്രദർശന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.
തിരുവല്ലയിലെ പര്യടനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് യാത്ര പത്തനംതിട്ടയിലെത്തും. പത്തനംതിട്ട കളക്ടറേറ്റ് ജംഗഷനിൽ സ്വീകരണം നൽകും. തുടർന്ന് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഓപ്പൺ സ്റ്റേജിൽ യോഗം നടക്കും. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മുഖ്യാതിഥിയായിരിക്കും. ഗെയിമിന്റെ ഭാഗ്യചിഹ്നമായ നീരജിന്റെ 20 അടി നീളമുള്ള ബലൂൺ രൂപം തിരുവല്ലയിലും പത്തനംതിട്ടയിലും സ്ഥാപിക്കും. മേയ് ഒന്നു മുതൽ 10 വരെയാണ് പ്രഥമ കേരളാ ഗെയിംസ് നടക്കുന്നത്. ജില്ലയിൽ 514 ഓളം കായികതാരങ്ങളാണ് സംസ്ഥാന ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്.
കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, ട്രഷറാർ ഡോ.ചാർലി ചെറിയാൻ, കൺവീനർ പി.കെ.സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.