വള്ളിക്കോട് : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ തണലിൽ ഗായത്രിക്കും സ്വന്തമായി അടച്ചുറപ്പുള്ള വീടായി. യൂണിയന്റെ മഹത്തായ കർമ്മപദ്ധതിയായ 'തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട് ''പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിയന്റെയും 81-ാം നമ്പർ വള്ളിക്കോട് ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ കൊച്ചാലുംമൂട് ദയാഭവനത്തിൽ ഗായത്രിക്ക് വീട് നൽകിയത്. 53 ശാഖകളുടെയും ആഭിമുഖ്യത്തിൽ ഗുരുപ്രസാദത്തിന് ഒരു വിഷുക്കൈനീട്ടം എന്ന പദ്ധതിയുടെയും , യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലേക്ക് തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്റെ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി പത്തനംതിട്ട യൂണിയൻ നിർമ്മിച്ചു നൽകിയ പന്ത്രണ്ടാമത്തെ വീടാണ് ഗായത്രിക്ക് കൈമാറിയത്.
ഗുരുദേവ സൂക്തങ്ങൾ അലയടിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി ഇന്നലെ രാവിലെ 11.30 ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഗൃഹപ്രവേശന ചടങ്ങും ഗുരുദേവ ഫോട്ടോ സമർപ്പണവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, കോന്നി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ. പ്രമോദ്, യൂണിയൻ കൗൺസിലർമാരായ ജി. സോമനാഥൻ, പി.കെ. പ്രസന്നകുമാർ, കെ.എസ്. സുരേശൻ, എസ്. സജിനാഥ്, പി.വി. രണേഷ്, വനിതാംസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ശാഖാ പ്രസിഡന്റ് പി.എൻ. ശ്രീദത്ത്, സെക്രട്ടറി ശാന്തമ്മ സദാശിവൻ, വൈസ് പ്രസിഡന്റ് ജി. സുഭാഷ്, യൂണിയൻ കമ്മിറ്റി അംഗം കെ.കെ. വിനോദ്, വനിതാസംഘം ശാഖാ പ്രസിഡന്റ് അനില അനിൽ, സെക്രട്ടറി ബിന്ദു മനു, ശാഖാ കമ്മിറ്റി അംഗങ്ങളായ പ്രകാശ്, സുരേഷ് കുമാർ, ലകേഷ്, വിജയകുമാർ, സുജാത, പ്രസന്നൻ, രാഘവൻ തുടങ്ങിയവർ സംസാരിച്ചു. സമീപ ശാഖകളിലെ ഭാരവാഹികളും പ്രവർത്തകരും വിവിധ മത,സാമുദായിക , സംഘടനാ നേതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഗൃഹപ്രവേശന ചടങ്ങിന് ശേഷം വിഭവമസൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വീടിന്റെ താക്കോൽദാനം കഴിഞ്ഞ ദിവസം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചിരുന്നു.
-------------------------
കൂടുതൽ വീടുകളുടെ താക്കോൽദാനം
സംയുക്ത ചതയാഘോഷ ചടങ്ങിൽ : കെ. പദ്മകുമാർ
തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു വീട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൂടുതൽ വീടുകളുടെ താക്കോൽദാനം പത്തനംതിട്ടയിൽ നടക്കുന്ന വരുന്ന സംയുക്ത ചതയാഘോഷ ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ പറഞ്ഞു. പന്ത്രണ്ടാമത്തെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങാണ് വള്ളിക്കോട് നടന്നത്.
പതിമൂന്നാമത്തെ വീടിന്റെ തറക്കല്ലിടീൽ അടുത്ത ദിവസം ഐരവൺ ശാഖയിൽ നടക്കും. തുടർന്ന് വിവിധ ശാഖകളിലും വീട് നിർമ്മിച്ച് നൽകും. പ്രക്കാനം, അരുവാപ്പുലം, തെങ്ങുംകാവ്, തണ്ണിത്തോട്, വയലാവടക്ക്, കല്ലേലി സെന്റർ, കല്ലേലി, വാഴമുട്ടം, കുമ്മണ്ണൂർ, പത്തനംതിട്ട ടൗൺ, വള്ളിയാനി ശാഖകളിലാണ് മറ്റ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയത്.