പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ രണ്ടാമത് നൂറുദിന കർമപരിപാടിയുടെ ഭാഗമായും മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായും ജില്ലയിലെ പട്ടയമേള ഇന്ന് നടക്കും. കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല, കോന്നി താലൂക്കുകളിലെ പട്ടയവിതരണം പത്തനംതിട്ടയിലും അടൂർ താലൂക്കിലെ പട്ടയ വിതരണം അടൂരിലും നടക്കും.
പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന പട്ടയമേള റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും.
അടൂർ താലൂക്ക് പട്ടയമേള 4.30ന് അടൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുത്തൂറ്റ് ഗ്രൂപ്പും, മുത്തൂറ്റ് ഫിൻകോർപ്പും നിർമ്മിച്ച 12 വീടുകളുടെ (കോഴഞ്ചേരി താലൂക്ക് - 6, അടൂർ താലൂക്ക് - 6) താക്കോൽദാന കർമവും അടൂർ താലൂക്കിൽ 177 കുടുംബങ്ങൾക്ക് 87,45,000 രൂപ പ്രകൃതിക്ഷോഭ ധനസഹായ വിതരണം ചെയ്തതിന്റെ പൂർത്തീകരണ പ്രഖ്യാപനവും നടത്തും. ജില്ലയിൽ ആകെ 260 പട്ടയങ്ങളും രണ്ട് കൈവശ രേഖകളുമാണ് വിതരണം ചെയ്യുന്നത്. ഇതിൽ 202 എൽ.എ പട്ടയങ്ങളും 58 എൽ.റ്റി പട്ടയങ്ങളും ഉൾപ്പെടുന്നു.

260 പട്ടയങ്ങൾ വിതരണം ചെയ്യും