പന്തളം:പന്തളം ജംഗ്ഷനിൽ മാലിന്യം കുന്നുകൂടുന്നു. കനത്ത മഴപെയ്തതോടെ ചീഞ്ഞളിഞ്ഞ് ദുർഗന്ധമാണ് പ്രദേശത്ത്. യാത്രക്കാരുൾപ്പെടെ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. പന്തളം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പന്തളം കുറുംതോട്ടയം ചന്തയുടെ കിഴക്കുഭാഗത്ത് ചാലിനോട് ചേർന്നുള്ളിടത്ത് കൊണ്ട് തള്ളുന്നത്. ദുർഗന്ധം കാരണം ചന്തയിലും സമീപത്തെ കടകളിൽ എത്തുന്നവർക്കും ഓഫീസുകളിൽ ഇരുന്ന് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചെങ്കിലും 2018ലെ പ്രളയത്തിൽ വെള്ളം കയറി മുങ്ങി തകരാറിലായതിൽ പിന്നെ മാലിന്യം സംസ്‌കരിക്കുന്ന സംവിധാനവും ഇവിടെയില്ല. വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ചന്തയുടെ കിഴക്കുഭാഗത്തുള്ള മാലിന്യ പ്ലാന്റിന് സമീപവും ചാലിലേക്കും തള്ളി പുഴുവരിച്ച് നിലയിലാണ്. വേനൽക്കാലത്ത് മാലിന്യത്തിന് തീ ഇടുന്നതോടെ സമീപ പ്രദേശങ്ങളിലും ദുർഗന്ധം വ്യാപിക്കും. നഗരസഭയിലുള്ള കുറുന്തോട്ടയം, കുരമ്പാല, കടക്കാട്,കുന്നുകുഴി എന്നിവിടങ്ങളിലെ ചന്തകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ടുവന്ന് ഇവിടെയാണ് ഇടുന്നത്. രാത്രികാലങ്ങളിൽ സമീപ പ്രദേശങ്ങളിൽ നിന്നും ആടുമാടുകളുടെയും ഇറച്ചിക്കോഴികളുടേയും അവശിഷ്ടങ്ങളും കൊണ്ടു തള്ളുന്നതായും ആരോപണമുണ്ട്. ഇവ കാക്കയും മറ്റും കൊത്തി എടുത്ത് വീടുകളിലെ കിണറ്റിലും ഇടുന്നതും പതിവാണ്.
തെരുവുനായ ശല്യം രൂക്ഷം
തെരുവ് നായക്കളുടെ ശല്യവും രൂക്ഷമാണ്. ഗ്രാമ ന്യയാലയകോടതി ,ഐ.സി.ഡി .എസ് ഓഫീസ്, പന്തളം നഗരസഭ, ട്രഷറി,കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ഇബി ഓഫീസ്, കെ.എസ്.എഫ്.ഇ തുടങ്ങി നിരവധി സർക്കാർ ഓഫീസുകളടക്കം ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്. ജീവനക്കാരും ഇവിടെ എത്തുന്ന പൊതുജനങ്ങളും ദുർഗന്ധം കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണ്. ചന്തയോട് ചേർന്ന് പ്രവർത്തിക്കുന്ന പഞ്ചമി ഹോട്ടലിന്റെയും സ്ഥിതി പരിതാപകരമാണ്. ഇതിനു ചുറ്റും മാലിന്യമാണ്.
..............................
ദുർഗന്ധം കാരണം പന്തളം ജംഗ്ഷനിൽ എത്തുന്ന പൊതുജനങ്ങൾ ദുരിതത്തിലാണ്. പരിഹാരം കാണാൻ അധികൃതർ തയാറാകണം.
നിർമ്മൽ പവിത്രൻ,
മുട്ടം.