റാന്നി:അശാസ്ത്രീയ നിർമ്മാണം കാരണം മണ്ണാറക്കുളഞ്ഞി ഭാഗത്ത് സംസ്ഥാന പാതയിൽ റോഡിന് കേടുപാട് സംഭവിച്ചു. ടാറിങ് പൂർത്തിയായ ഭാഗത്ത് ജെ.സി.ബിയും മറ്റും ഉപയോഗിച്ച് നിർമ്മാണം നടത്തിയതുമൂലമാണ് റോഡിന് തകരാറുണ്ടായത്. ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ നിർമ്മാണം നടത്തുമ്പോൾ മുമ്പ് ടയറോ, ടാർപോളിനോ ഉപയോഗിച്ച് റോഡിന് കേടുപാട് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. റോഡിന്റെ വശങ്ങളിൽ വീടുകൾക്കും മറ്റും സംരക്ഷണഭിത്തി കെട്ടുന്നതിന്റെ പണികളാണ് നടന്നുവരുന്നത്. നിലവിലുള്ള മൺതിട്ട ഇടിക്കാനായി ജെ.സി.ബി ഉപയോഗിക്കുമ്പോഴാണ് റോഡ് തകരുന്നത്. ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റോഡിന്റെ ഉദ്ഘാടനം നടന്നിട്ടില്ല.