മണ്ണടി: മണ്ണടി മണ്ണടി ചെട്ടിയാരഴികത്ത് കടവിൽ പാലം നിർമ്മാണം അവസാനഘട്ടത്തിൽ. പത്തനംതിട്ട - കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയാണ് പാലം നിർമ്മിക്കുന്നത്. കൊല്ലം ജില്ലയിലെ താഴത്തു കുളക്കട ഭാഗത്ത് എത്താൻ ഇനി മീറ്ററുകളുടെ പണിമാത്രമാണ് ബാക്കി. ആറ്റിലെ അവസാന ബീമിന്റെ പണികൾ പൂർത്തിയാക്കി ബീമുകളുടെ പണികളാണ് നടക്കുന്നത്. പാലത്തിന് വെള്ളത്തിൽ മൂന്നു തൂണുകളും ഇരുകരകളിലുമായി രണ്ടു തൂണുകളുമാണുള്ളത്. ഇതിൽ മണ്ണടി ഭാഗത്തെ തൂണുകൾ എല്ലാം നിർമ്മിച്ച് ബീമുകളും വാർത്തു കഴിഞ്ഞിരുന്നു. താഴത്തു കുളക്കട-മണ്ണടി പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പാലമാണിത്. വർഷങ്ങളായി ഇവിടെ കടത്തു വഴിയാണ് അക്കരെയിക്കരെ ആളുകൾ പോയിരുന്നത്. മണ്ണടി, കടമ്പനാട് ചന്തകളിൽ കുളക്കട ഭാഗത്തെ നിരവധി കർഷകർ കടത്തു വഴി കച്ചവടത്തിതിനും സാധനം വാങ്ങുന്നതിനും എത്തിയിരുന്നു. കടത്ത് പ്രതീക്ഷിച്ചിരിക്കാൻ ആറിന്റെ തീരത്ത് കാത്തിരിപ്പ് കേന്ദ്രവും ഉണ്ടായിരുന്നു. കടത്ത് കയറി വരാൻ ആളുകൾ മടിച്ചതോടെ ചന്തകളിലേക്കു വരവും നിലച്ചു.
രണ്ടുഗ്രാമങ്ങൾക്ക് എളുപ്പ മാർഗം
പാലം പണി പൂർത്തിയാകുന്നതോടെ രണ്ടു ഗ്രാമങ്ങൾ തമ്മിൽ കൂടുതൽ ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനൊപ്പം മണ്ണടിയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോകുന്നതിനും ഏനാത്ത് നിന്ന് മണ്ണടി വഴി താഴത്ത് കുളക്കടയിലെത്തി പുത്തൂർ ഭാഗത്തേക്ക് പോകാനും എളുപ്പ മാർഗമാണ്. 130.70 മീറ്റർ നീളവും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലമാണ് വരുന്നത്. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തി അന്തരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും വരും. 10.32 കോടി ചെലവിലാണ് പാലം നിർമ്മിക്കുന്നത്. അപ്രോച്ച് റോഡിന്റെ പ്രാരംഭ പണികൾ മണ്ണടി ഭാഗത്ത് നടന്നിരുന്നു. എന്നാൽ കുളക്കട ഭാഗത്ത് ഓടയുടേയും റോഡിന്റേയും പണികൾ നടക്കുകയാണ്.
...........................
11 മീറ്റർ വീതിയും ഉള്ള പാലം
130.70 മീറ്റർ നീളം
7.5 മീറ്റർ ക്യാരേജ് വേ
1.50 മീറ്റർ നടപ്പാത
........................
ചെലവ് 10.32 കോടി