തിരുവല്ല: തകർന്നുതരിപ്പണമായ കണ്ണമല -അട്ടക്കുഴിക്കൽപ്പടി- ഹാബേൽ റോഡ് യാത്രക്കാർക്ക് ദുരിതമായി. കല്ലൂപ്പാറ പഞ്ചായത്ത് നാലാം വാർഡിലൂടെ കടന്നുപോകുന്ന റോഡ് ഏറെക്കാലമായി കുണ്ടുംകുഴിയുമായി കിടക്കുകയാണ്. പായിപ്പാട്, മാന്താനം, കുന്നന്താനം, ചെങ്ങരൂർ, മടുക്കോലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തുരുത്തിക്കാട് ബി.എ.എം കോളേജ്, ഗവ യൂ.പി. സ്കൂൾ, ഹോമിയോ ആശുപത്രി, സി.എസ്.ഐ, മാർത്തോമാ, പെന്തക്കോസ്തു പള്ളികൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. മല്ലപ്പള്ളി ടൗണിൽ പ്രവേശിക്കാതെ കോമളം, വെണ്ണിക്കുളം വഴി കോഴഞ്ചേരി, പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകാനും നാട്ടുകാർ ഈ വഴിയാണ് ആശ്രയം. റോഡിന്റെ പ്രവേശനഭാഗമായ കണ്ണമലപ്പടി ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കിയുള്ള സ്ഥലങ്ങളിൽ ടാറിംഗ് പൊളിഞ്ഞ് മെറ്റിലിളകി കിടക്കുകയാണ്. റോഡിന്റെ വശങ്ങളിലെ കട്ടിംഗ് മൂടാതെയും കാടുപിടിച്ചും കിടക്കുന്നതിനാൽ യാത്രക്കാർക്ക് അപകടഭീഷണിയും ഏറെയാണ്.
റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. റവ. ഷിബുപോൾ ഉദ്ഘാടനംചെയ് തു. റോയ് വർഗീസ്, ദിലീപ്കുമാർ പി.ജി. ജേക്കബ്, തങ്കച്ചൻ വി.ജെ, ജോൺ എൻ.ബി, ജോഷി കണ്ടത്തിപ്പുര, എം.ടി.കുട്ടപ്പൻ, ജോസ് പള്ളത്തുചിറ, അജിത കുട്ടപ്പൻ എന്നിവർസംസാരിച്ചു.