ചെങ്ങന്നൂർ : തിരുവൻവണ്ടൂർ - നന്നാട് ഈരടിച്ചിറ റോഡിന്റെ നവീകരണത്തിനായി സമാന്തരപാതയാക്കിയ സ്‌കൂൾ മൈതാനം കുളമായി. റോഡിലെ പൊളിച്ചുമാറ്റിയ ചെറിയ പാലത്തിന് പകരമായി താത്കാലിക പാതയാക്കിയ തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനമാണ് തകർന്നത്. റോഡിന്റെ തുടക്കത്തിലുള്ള പഴയ വരട്ടാർ ചെറിയപാലം പൊളിച്ചതോടെ വാഹനങ്ങൾ സ്‌കൂൾ മൈതാനത്തിലൂടെ കടന്നുപോകുകയായിരുന്നു. മൈതാനം തകർന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായതോടെ കഴിഞ്ഞാഴ്ചയാണ് പകരം സംവിധാനമൊരുക്കിയത്.
റോഡ് നവീകരണത്തിന് രണ്ടുപാലങ്ങളാണ് നിർമ്മിക്കേണ്ടത്. നന്നാട് തെക്കുംമുറി പാലവും സ്കൂൾ മൈതാനത്തിനു സമീപമുള്ള ചെറിയ പാലവും. 2021 ഡിസംബർ 13ന് വരട്ടാറിനു കുറുകെയുള്ള തെക്കുംമുറിപാലവും 29ന് ചെറിയപാലവും പൊളിച്ചു. ഇരുപാലങ്ങളും പൊളിച്ചെങ്കിലും സമാന്തരപാതയുണ്ടാക്കിയില്ല. തെക്കുംമുറി പാലത്തിനു സമീപം ആദ്യം വരട്ടാറിന് കുറുകെ കമുകിട്ടു പലക അടിച്ച് നടപ്പാതയുണ്ടാക്കിയെങ്കിലും നാട്ടുകാർ എതിർപ്പുന്നയിച്ചു. പിന്നീട് കരാറുകാരൻ സമാന്തര പാതയുണ്ടാക്കി. എന്നാൽ ചെറിയ പാലം പൊളിച്ചതോടുകൂടി ഇരുചക്രവാഹനങ്ങൾ അടക്കം സ്കൂൾ മൈതാനത്ത് കൂടിയാക്കി യാത്ര. നാട്ടുകാർ തുടക്കത്തിലെ വിവരം കരാറുകാരനെ ധരിപ്പിച്ചിരുന്നെങ്കിലും സമാന്തരപാത നിർമ്മിക്കാം എന്നുള്ള മറുപടി മാത്രമാണ് ലഭിച്ചത്. എന്നാൽ മറ്റുമാർഗമില്ലാതെ നാലുമാസം മൈതാനത്തുകൂടി വാഹനങ്ങൾ കടന്നുപോയി. വേനൽമഴ ശക്തമായതോടെ മൈതാനത്ത് ചെളി നിറഞ്ഞു.
മന്ത്രി ഇടപെട്ടു, പാതയൊരുക്കി
നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശാനുസരണം കരാറുകാരൻ സ്‌കൂൾ മൈതാനത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ചെറിയ പാലത്തിനോട് ചേർന്ന് സമാന്തരപാത നിർമ്മിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ മൈതാനത്തേക്ക് വാഹനങ്ങൾ കടക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കി.
നശിക്കുന്നത് 50 ലക്ഷത്തിന്റെ പദ്ധതി
ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ 50 ലക്ഷം രൂപാ ചെലവഴിച്ച് സ്‌കൂൾ മൈതാനത്തിന്റെ നവീകരണം തുടങ്ങിയതാണ്. മൈതാനത്തിന്റെ മൂന്ന് വശങ്ങൾ കരിങ്കൽ കെട്ടി ഉയർത്തുകയും ഗ്രൗണ്ട് ലെവൽ ചെയ്യുന്ന പണികളും നടന്നുവരുന്നു. ചുറ്റുമതിൽ, ഗാലറി, മിനി പവലിയൻ തുടങ്ങിയവ ഒരുക്കേണ്ടതായുണ്ട്. ഇതിനിടെയാണ് മൈതാനത്ത് കൂടി വാഹനങ്ങൾ കടത്തിവിട്ടു കുളംതോണ്ടിയത്.