പള്ളിക്കൽ : പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതി​നെ തുടർന്നുണ്ടായ തർക്കം പള്ളിക്കൽ പഞ്ചായത്തോഫീസിന്റെ പ്രവർത്തനം അൽപ്പനേരം തടസപ്പെടുത്തി​. ഞായറാഴ്ചയാണ് നിലവിലെ ഓഫീസിൽ നിന്ന് ഫർണീച്ചറുകൾ പുതിയ ഓഫീസിലേക്ക് മാറ്റിയത്. ഇന്നലെ നേരം നോക്കി ഓഫീസിൽ കയറാൻ വന്ന ഉദ്യോഗസ്ഥരോട് പുതിയ ഓഫീസ് പ്രവർത്തനം അനിശ്ചിത കാലത്തേക്ക് നടക്കില്ലായെന്ന് സെക്രട്ടറി​ അറി​യി​ക്കുകയായി​രുന്നു. മുൻ ഭരണസമിതിയുടെ കാലത്താണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്. ചില ബാഹ്യ സമ്മർദ്ദങ്ങൾ സെക്രട്ടറിക്ക് ഉണ്ടായതിനെ തുടർന്നാണ് ഓഫീസ് മാറ്റം താൽക്കാലികമായി റദ്ദ് ചെയ്തെന്നാണ് ജീവനക്കാരെയും പഞ്ചായത്ത് അംഗങ്ങളെയും സെക്രട്ടറി അറിയിച്ചത്. പ്രതിപക്ഷ അംഗങ്ങളായ മുണ്ടപള്ളി സുഭാഷ്, ജി പ്രമോദ്, ദിവ്യ അനീഷ്, റോസമ്മ, രഞ്ജിനി കൃഷ്ണകുമാർ എന്നിവർ സ്ഥലത്തെത്തി ഓഫീസ് തുറന്ന് കൊടുക്കണമെന്നും തിരിച്ച് പഴയ കെട്ടിടത്തിലേക്ക് ഓഫീസ് സാമഗ്രഹികൾ മാറ്റാൻ അനുവദിക്കില്ലന്നും അറി​യി​ച്ചു. തുടർന്ന് പുതിയ ഓഫീസ് തുറന്ന് പ്രവർത്തനം തുടങ്ങി​.