പത്തനംതിട്ട: പട്ടയമേള നടന്ന സെന്റ് സ്റ്റീഫൻസ് ഒാഡിറ്റോറിയത്തിലേക്ക് പൊന്തൻപുഴ സമരസമിതി നടത്തിയ പ്രതിഷേധ മാർച്ച് സ്റ്റേഡിയം ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ പോസ്റ്റ് ഒാഫീസ് റോഡ് ഉപരോധിച്ചു. മന്ത്രിയെ കാണാൻ അനുവദിക്കണമെന്ന് സമരസമിതി നേതാക്കൾ പൊലീസിനെ അറിയിച്ചു. പിന്നീട് റവന്യുമന്ത്രി സമരസമിതി നേതാക്കളെ പട്ടയമേള നടന്ന വേദിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തി. ജൂൺ ആദ്യം പ്രത്യേക യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കേന്ദ്രാനുമതി ലഭിക്കുന്നത് ' സംബന്ധിച്ച് എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഏഴായിരത്തിലേറെ അപേക്ഷകർ ഉള്ളപ്പോൾ 246 പേർക്ക് മാത്രം പട്ടയം വിതരണം ചെയ്തതിൽ പ്രതിഷധിച്ചായിരുന്നു മാർച്ച്. കിഫ ലീഗൽസെൽ ഡയറക്ടർ അഡ്വ .ജോണി കെ. ജോർജ് ഉദ്ഘാടനം ചെയ്തു . കെ റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് പെരുമ്പെട്ടി, ജയിംസ് കണ്ണിമല, ഉഷാ ഗോപി തുടങ്ങിയവർ സംസാരിച്ചു.