മല്ലപ്പള്ളി : മല്ലപ്പള്ളി വലിയ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ സ്ഥാപിച്ച വേലിയിൽ കാടുകയറി. വള്ളി പടർപ്പുകൾ നിറഞ്ഞ വേലി തുരുമ്പിച്ച് നശിക്കാൻ ഇത് കാരണമാകും. കൃഷിഭവന് സമീപവും ആനിക്കാട് റോഡിലെ പാലത്തിന് സമീപവും പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തും ഒന്നര വർഷം മുമ്പാണ് ഇരുമ്പുകമ്പികളുടെ വേലി സ്ഥാപിച്ചത്. മൂന്ന് മീറ്റർ ഉയരത്തിലുള്ള വേലി കാണാൻ കഴിയാത്ത വിധം കാടുകയറി മൂടപ്പെട്ട നിലയിലാണ്. വർഷങ്ങളായി മലിനമായി കിടന്ന വലിയതോടിനെ സംരക്ഷിക്കുന്നതിനായി കൃഷിഭവന് സമീപം മുതൽ മണിമലയാറിനോട് ചേരുന്നിടം വരെ 2020 മാർച്ച് മാസത്തിൽ വൃത്തിയാക്കുകയും ആഴം കൂട്ടുകയും ചെയ്തിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ മുടക്കിയാണ് ശുചീകരണവും വേലിയുടെ നിർമ്മാണവും പൂർത്തീകരിച്ചത്. മഞ്ഞത്താനം പുഞ്ചയിൽ നിന്നു തുടങ്ങി മണിമലയാറ്റിലെ വലിയ പാലത്തിനടുത്തെത്തുന്ന തോട്ടിൽ പലയിടങ്ങളിലും മാലിന്യം തള്ളുന്നത് സ്ഥിരം സംഭവമായതിനെ തുടർന്നാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയ്ക്ക് സുരക്ഷയ്ക്കായി വേലി കെട്ടുകളിലെ പടർപ്പുകൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് വ്യാപാരി വ്യവസായിയും, നാട്ടുകാരും ആവശ്യപ്പെടുന്നത്.
..............................
പദ്ധതി മാലിന്യം തടയുന്നതിന് സഹായകരമായെങ്കിലും, കാലാകാലങ്ങളിൽ ചെയ്യേണ്ടുന്ന പുനരുദ്ധാണ നടപടികൾക്ക് തുക അനുവധിക്കാത്തതാണ് മിക്ക പദ്ധതികളും നിലനിൽക്കാത്തത്
അഭിലാഷ്
(ഓട്ടോറിക്ഷ ഡ്രൈവർ)