renil-david

പത്തനംതിട്ട: വീട്ടിൽ മോഷണത്തിനെത്തിയ സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന വൃദ്ധനെയും മകനെയും ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. കുഴിക്കാല സി.എം.എസ് സ്‌കൂളിനു സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണി ഡേവിഡിന്റെയും മോളിയുടെയും മകൻ റെനിൽ ഡേവിഡിനെ (45) കൊലപ്പെടുത്തിയ കേസിൽ മാത്യൂസ് തോമസ് (69), മകൻ റോബിൻ തോമസ് (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

റെനിൽ വർഷങ്ങളായി ചെങ്ങന്നൂരുള്ള മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോന്ന ഇയാൾ അനുജൻ സുനിൽ ഡേവിഡിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പിതാവ് വർഷങ്ങൾക്കുമുമ്പ് മരിച്ചു, മാതാവ് മോളിയും മാനസിക രോഗത്തിന് ചികിത്സയിലാണ്.

ബന്ധുവീടുകളിൽ നിന്നും മറ്റും സാധനങ്ങൾ മോഷ്ടിച്ചുവിറ്റാണ് റെനിൽ ചെലവിന് പണം കണ്ടെത്തിയിരുന്നത്.

23 ന് രാത്രി ഏഴിന് മാത്യൂസ് തോമസിന്റെ വീട്ടിലെത്തിയ റെനിൽ പിന്നിലെ കതകു കുത്തിത്തുറന്ന് ഫ്രിഡ്ജ് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചു. ശബ്ദംകേട്ടെത്തിയ മാത്യൂസ് തടഞ്ഞു. വാക്കുതർക്കത്തിനിടെ റെനിൽ കത്തിയെടുത്ത് വീശി. മാത്യൂസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

prati-mathews-thomas

മാത്യൂസ് ഉടൻ മകൻ റോബിൻ തോമസിനെ ഫോണിൽ വിളിച്ചുവരുത്തി. രണ്ടുപേരും ചേർന്ന് റെനിലിനെ കയറുകൊണ്ട് കെട്ടി വീടിനു മുന്നിലുള്ള പൊട്ടക്കിണറിന്റെ വക്കിലെത്തിച്ച് കയർ മുറിച്ചുമാറ്റി അതിലേക്കു തള്ളി. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് കിണറ്റിൽ ഒരു മൃതദേഹം കിടക്കുന്നതായി അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.

prati-robin-thomas
പ്രതി റോബിൻ തോമസ്

കിണറ്റിലേക്ക് ഇടുന്നതിനിടെ കയറിന്റെ ഒരുഭാഗം റെനിലിന്റെ കാലിൽ കെട്ടിയിരുന്നത് എടുത്തുമാറ്റാൻ പ്രതികൾക്ക് കഴിഞ്ഞിരുന്നില്ല. ഇതാണ് കൊലപാതകമാണെന്നതിന് തുമ്പായത്. പ്രതികളെ റിമാൻ‌ഡ് ചെയ്തു. റെനിൽ അവിവാഹിതനാണ്.