ചെങ്ങന്നൂർ: വേനൽമഴയിൽ നെൽച്ചെടികൾ നശിച്ച കർഷകർക്ക് ഏക്കറിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത കർഷകർക്കും സഹായം നൽകാൻ നടപടിയുണ്ടാകണം. നെല്ല് നൽകുമ്പോൾ ക്വിന്റലിന് 15 കിലോവരെ കിഴിവ് എന്നുള്ളത് തീവെട്ടിക്കൊള്ളയാണ്. സർക്കാർ വെറും കാഴ്ചക്കാരാണ്. മില്ലുടമകൾക്ക് പാഡി ഓഫീസർമാരും കൂട്ടുനിന്ന് വിഹിതം കൈപ്പറ്റുകയാണ്. കൃഷിനാശനഷ്ടം പരിഹരിക്കാൻ ഒരു പാക്കേജ് പോലും പ്രഖ്യാപിച്ചിട്ടില്ല. പ്രധാനപ്പെട്ട മന്ത്രിമാർ പോലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ സന്ദർശിക്കാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.