കടമ്പനാട് : 28 ലക്ഷംരൂപ മുടക്കിപ്പണിത മീൻ വിൽപ്പനശാല ഉദ്ഘാടനം കാത്തുകിടക്കുന്നു. കടമ്പനാട് പഞ്ചായത്തിലെ ഗോവിന്ദപുരം പബ്ളിക്ക് മാർക്കറ്റിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച മീൻ വിൽപ്പന ശാലയാണ് ഉദ്ഘാടനം കാത്തുകിടക്കുന്നത്. ഉദ്ഘാടനം നടത്താത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. റോഡരുകിൽ കച്ചവടം ചെയ്ത് മീൻ വെള്ളവും മാലിന്യവുമെല്ലാം റോഡിൽകൂടി ഒഴുകി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഏറെ നാളത്തെ ആവശ്യപ്രകാരം മീൻ വിൽക്കുന്നതിന് പ്രത്യേകം സ്റ്റാർ പണിതത്. കടമ്പനാട് പഞ്ചായത്തിത്ത് അധികൃതരാണ് ഉദ്ഘാടനം ചെയ്യേണ്ടത്. ഉദ്ഘാടനം ചെയ്തില്ലങ്കിലും കൃത്യമായി ലേലം ചെയ്ത് നൽകിയിട്ടുണ്ട്. പക്ഷേ സ്റ്റാൾ ഉപയോഗിക്കുന്നത് തെരുവ് നായ്ക്കളായതിനാൽ പിരുവ് വാങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ലേലം പിടിച്ചയാൾ. മീൻ മാത്രമല്ല പല കച്ചവടങ്ങളും മാർക്കറ്റിനു വെളിയിലാണ്. പുതിയ സ്റ്റാൾ പണിതെങ്കിലും കച്ചവടക്കാർക്ക് സ്റ്റാളിൽ കച്ചവടം ചെയ്യാൻ താൽപ്പര്യമില്ല. കാര്യം തിരക്കിയപ്പോൾ ബഹുരസം. സ്റ്റാളിൽ കച്ചവടം നടത്തിയാൽ ചന്തപ്പിരുവു കൊടുക്കണം. റോഡിലാണങ്കിൽ അതു വേണ്ട. മാലിന്യം റോഡിലൂടെ ഒഴുകി നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതൊന്നും അവർക്ക് പ്രശ്നമല്ല.മീൻ വിൽപ്പനശാലയിലേക്ക് മാറ്റുന്ന കാര്യം പറയുമ്പോൾ അവിടുത്തെ "അസൗകര്യ " ങ്ങളെക്കുറിച്ചവർ വാചാലരാവും. ഇവർ കൃത്യമായി സംഭാവന നൽകുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പിന്തുണയും കച്ചവടക്കാർക്ക് ഉണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും അംഗങ്ങൾ മീൻ വിൽപ്പനശാല ഉദ്ഘാടനം നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും പിന്നീടാകാം എന്ന് പറഞ്ഞ് തീരുമാനമാക്കിയില്ല.
ടേക് എ ബ്രേക്ക് പദ്ധതിയും അനശ്ചിതത്വത്തിൽ
ഫിഷ് സ്റ്റാളിനോട് ചേർന്ന് ടേക് എ ബ്രേക്ക് പദ്ധതിക്കായി കെട്ടിടം പണിതീർത്തെങ്കിലും അതും പ്രവർത്തനം ആരംഭിക്കുന്നതിൽ അനശ്ചിതത്വം തുടരുകയാണ്. വലിയ അസൗകര്യങ്ങൾക്ക് നടുവിലാണ് ഗോവിന്ദപുരം മാർക്കറ്റ് . രാജഭരണ കാലത്തെ ആരംഭിച്ച പുരാതന വാണിജ്യ കേന്ദ്രമാണ്. ആധുനിക കച്ചവട സംവിധാനങ്ങൾ മാർക്കറ്റിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. എങ്കിലും നൂറ്കണക്കിനാളുകൾ അവരുടെ ദൈനദിന ആവശ്യങ്ങൾക്കായി മാർക്കറ്റിലെത്തുന്നു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം നിർമ്മിച്ച യഥാസമയം ഉപയോഗപ്പെടുത്തുന്നതിൽ അധികൃതർ വലിയ വീഴ്ചയാണ് കാട്ടുന്നത്.
.
....................
ഫിഷ് സ്റ്റാളിൽ വാട്ടർ കണക്ഷൻ കൂടി ലഭ്യമാകണം. അത് ഉടനെ ചെയ്യും. മീൻ കച്ചവടം പൂർണമായും ഫിഷ് സ്റ്റാളിൽ തന്നെയാക്കും. ഉദ്ഘാടനം ഉടൻ നടത്തും.
എസ്.രാധാകൃഷ്ണൻ
(പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
...................
-മീൻ വിൽപ്പന ശാലയ്ക്ക് ചെലവ് 28 ലക്ഷം
- മീൻ കച്ചവടം ഇപ്പോൾ റോഡരുകിൽ