തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ 4538-ാം കുന്നന്താനം പൊയ്ക ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ഗണപതി പ്രതിഷ്ഠയും ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് കുന്നന്താനം ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹവും വഹിച്ചുകൊണ്ട് വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ഭക്തിനിർഭരമായി. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ശാഖാ പ്രസിഡന്റ് ബിജീഷ് വിജയൻ, സെക്രട്ടറി സദാനന്ദപണിക്കർ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. ഇന്നലെ നടന്ന താഴികക്കുടം പ്രതിഷ്ഠയ്ക്ക് തന്ത്രി പെരുന്ന സന്തോഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് കൊടിക്കൂറ സമർപ്പണവും നടന്നു. ഇന്ന് രാവിലെ 10.30നും 11നും മദ്ധ്യേ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെയും ക്ഷേത്രംതന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടക്കും.തുടർന്ന് ഗണപതി പ്രതിഷ്ഠയും വിശേഷാൽ മഹാപൂജയും. 12ന് സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം.12.30ന് അമൃതഭോജനം എന്നിവയുണ്ടാകും.