robbery
നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽ വിരലടയാള വിദഗ്ദർ പരിശോധന നടത്തുന്നു

തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിനുള്ളിൽ കടന്ന മോഷ്ടാവ് ഭക്തർ നടയ്ക്ക് സമർപ്പിച്ച സ്വർണത്താലികളടക്കം കവർന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കുന്നതിനായി കഴകക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തിയശേഷം ക്ഷേത്രം അടച്ചു. ഭക്തർ നടയ്ക്ക് സമർപ്പിച്ച എൺപതോളം താലികളും നാലായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. കാണിക്കവഞ്ചികളിൽ നിന്ന് നോട്ടുകൾ എടുത്തശേഷം നാണയത്തുട്ടുകൾ ഉപേക്ഷിച്ചിരുന്നു.. നാലമ്പലത്തിനുള്ളിൽ പ്രവേശിക്കാൻ മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന ഏണി ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി. പത്തനംതിട്ടയിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വർഷങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രത്തിലെ തിരുവാഭരണം ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.