പന്തളം: പന്തളം കൊട്ടാരത്തിൽ ഇന്നലെ വിടവാങ്ങിയ വലിയ തമ്പുരാട്ടി തന്വംഗി തമ്പുരാട്ടി മണികണ്ഠസ്വാമിയുടെ മാതൃ സ്ഥാനികയാണ് . നൂറ്റിമൂന്നാം വയസിൽ തമ്പുരാട്ടി നിര്യാതയാവുമ്പോൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും ഒരുകാലത്തിന്റെ ചരിത്രം കൂടിയാണ് മറയുന്നത്. ഇത്തവണയും തിരുവാഭരണ ഘോഷയാത്ര വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ കൊട്ടാരത്തിലെത്തിയ രാജപ്രതിനിധിക്ക് വിഭുതി നൽകി അനുഗ്രഹിച്ചത് തന്വംഗി തമ്പുരാട്ടിയായിരുന്നു. ശബരിമല മണിമണ്ഠപത്തിലെ ഗുരുതിക്ക് കളം വരയ്ക്കുന്നതിനുള്ള പൊടി റാന്നി കുടുംബത്തിലെ കുറുപ്പന്മാർ എത്തി വാങ്ങിയതും തമ്പുരാട്ടിയിൽ നിന്നായിരുന്നു.
പരേതരായ കോട്ടയം കിടങ്ങൂർ കൊങ്ങൂർപ്പള്ളിയില്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെയും പന്തളം വടക്കേമുറി പുത്തൻകോയിക്കൽ മംഗലത്തമ്പുരാട്ടിയുടെയും മകളാണ്. പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.ആർ. രാമവർമ്മരാജയുടെ ഭാര്യയാണ്.
2012 ഏപ്രിൽ 19ന് വലിയതമ്പുരാട്ടിയായിരുന്ന കൈപ്പുഴ വടക്കേമുറി കൊട്ടാരത്തിൽ ലക്ഷ്മിത്തമ്പുരാട്ടിയുടെ മരണത്തേത്തുടർന്നാണു വലിയതമ്പുരാട്ടിയായത്.
കൊട്ടാരത്തിൽ പരമ്പരാഗതമായി തുടർന്നുവരുന്ന ചില ചടങ്ങുകളും തമ്പുരാട്ടിയുടെ സാന്നിദ്ധ്യത്തിലാണ് നടന്നിരുന്നത്
ആന്റോ ആന്റണി എം.പി., ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മെമ്പർ മനോജ് ചരളേൽ, കുമ്മനം രാജശേഖരൻ, പന്തളം സുധാകരൻ, അക്കീരമൺ കാളിദാസ ഭട്ടതിരി, ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന സെക്രട്ടറി മധുവർമ്മ, കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി. ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ, ട്രഷർ ദീപാ വർമ്മ, വലിയ കോയിക്കൽക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ്, രതീഷ് കുറുപ്പ്, ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കഴിക്കാല എന്നിവർ കൊട്ടാരത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.