പത്തനംതിട്ട: കെ -റെയിൽ പദ്ധതി നടപ്പാക്കുന്നതിന് ഡി.വൈ.എഫ്.ഐയുടെ പിന്തുണ. ഇതു സംബന്ധിച്ച പ്രമേയം സംസ്ഥാന സമ്മേളനം അംഗീകരിച്ചു.

യുവജനങ്ങൾക്ക് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ പ്രയാേജനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ഭവന സന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളുമായി മുന്നാേട്ടു പോകും. പദ്ധതിക്കെതിരെ യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ളാമി എന്നിവ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറ്റി പറിക്കൽ സമരക്കാർക്കെതിരെ വിശദീകരണ യോഗങ്ങൾ നടത്തും. സമരത്തിന് മുന്നിൽ നിൽക്കുന്നത് പോക്കറ്റ് രാഷ്ട്രീയക്കാരാണ്. പദ്ധതിക്കെതിരെ നിലപാടെടുത്ത ശാസ്ത്ര സാഹിത്യ പരിഷത്തിൽ ഏകാഭിപ്രായമില്ല. എതിർക്കുന്നവർ സംവാദത്തെ ഭയക്കുകയാണ്. . രാജ്യത്ത് ഒരിടത്തും ലൗ ജിഹാദും നർക്കോട്ടിക് ജിഹാദുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലേക്ക് പോയത്

രാഷ്ട്രീയം പഠിക്കാനല്ല

ഗുജറാത്ത് മാതൃക പഠിക്കാൻ കേരളത്തിൽ നിന്ന് ഒരു മന്ത്രിയും പോകുന്നില്ലെന്നും, ഉദ്യോഗസ്ഥർ പോയത് രാഷ്ട്രീയം പഠിക്കാനല്ലെന്നും എസ്.സതീഷ് പറഞ്ഞു. ഭരണരംഗത്തെ പ്രവർത്തനങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥർ പോകുന്നത് വലിയ പാതകമല്ല.

മൂന്നര വർഷത്തിനുള്ളിൽ ഡി.വൈ.എഫ്.ഐക്ക് 1,20,728 അംഗങ്ങളുടെ വർദ്ധനയുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് അറിയിച്ചു. പുതുതായി 1697 യൂണിറ്റുകളും 165മേഖലാ കമ്മിറ്റികളുമുണ്ടായി.നേതാക്കളായ എസ്.കെ സജീഷ്, ചിന്താ ജെറോം, കെ.യു ജനീഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.