പത്തനംതിട്ട: ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. ളാഹ മഞ്ഞത്തോട് വനമേഖലയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട സന്തോഷിന്റെ ഭാര്യ ശാന്തയാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞത്തോട് വനത്തിനുള്ളിൽ തറയിൽ കാട്ടിലകളും തുണികളും വിരിച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരം പ്രാഥമിക ശുശ്രൂഷ ലഭിക്കാതിരുന്ന ശാന്തയെയും കുഞ്ഞിനെയും വിവരമറിഞ്ഞെത്തിയ പെരുനാട് പഞ്ചായത്തിലെ ആശാപ്രവർത്തക ഷീജാ ഹരീഷാണ് ആംബുലൻസ് വിളിച്ചുവരുത്തി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. .പ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനേയും ആശാപ്രവർത്തകയും ആംബുലൻസ് ജീവനക്കാരും ഏറെ നിർബന്ധിച്ചാണ് റോഡിലെത്തിച്ച് ആംബുലൻസിൽ കയറ്റി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നെന്ന് അധികൃതർ പറഞ്ഞു.