തിരുവല്ല: പഠിപ്പിച്ച സ്‌കൂളിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം ആവോളം പകരാനായി വിരമിക്കുന്ന അദ്ധ്യാപിക പുസ്തകങ്ങൾ സംഭാവന ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ അദ്ധ്യാപിക എസ്. അജിതയാണ് പുസ്തകങ്ങളുടെ വൻശേഖരം സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ച് മാതൃകയായത്. കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടിയുള്ള ഏറ്റവും പുതിയ വിജ്ഞാന പുസ്തകങ്ങളാണ് സ്കൂളിന് കൈമാറിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ പുസ്തകങ്ങൾ ഏറ്റുവാങ്ങി ലൈബ്രറിയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പി.എം. ദീപ്തിക്ക് കൈമാറി. പരിഷത്ത് വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ ഡോ.ആർ.വിജയമോഹനൻ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, മെർലിൻ മേരി ഏബ്രഹാം, വിദ്യാർത്ഥി എ.എസ് ഗൗരി നന്ദന, ശ്രീപ്രിയ എസ് എന്നിവർ സംസാരിച്ചു.