ചെങ്ങന്നൂർ: കോൺഗ്രസ് പിന്തുണയിൽ സി.പി.എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനുമെതിരേയുള്ള ബി.ജെ.പി.യുടെ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്നതിനു തൊട്ടുമുൻപ് ഇരുവരും രാജിവച്ചു. പ്രസിഡന്റ് ബിന്ദു കുരുവിള, വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവർക്കെതിരായ അവിശ്വാസപ്രമേയം വെള്ളിയാഴ്ച 10ന് ചർച്ചയ്‌ക്കെടുക്കാനിരിക്കവെ ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്കു രാജിക്കത്ത് നൽകുകയായിരുന്നു. പ്രമേയത്തിന്റെ നടപടികൾ തുടങ്ങിയ സമയത്താണ് രാജിക്കത്ത് നൽകിയത് പുറത്തറിയുന്നത്. എൽ.ഡി.എഫ് അംഗങ്ങൾ ഒഴികെയുള്ള ഒൻപതു പഞ്ചായത്തംഗങ്ങൾ നടപടികൾക്ക് മുന്നോടിയായി ഹാജരായി. പ്രസിഡന്റിനെതിരായ പ്രമേയം ബി.ജെ.പി അംഗം സജു ഇടക്കല്ലിൽ അവതരിപ്പിച്ചു. ചർച്ച തുടങ്ങവെ രാജിവച്ചതായി സെക്രട്ടറി രേഖാമൂലം അറിയിപ്പ് നൽകി. തുടർന്നു നടപടികൾ അവസാനിപ്പിച്ചു. ചെങ്ങന്നൂർ ബി.ഡി.ഒ എസ്. ബീന അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി 5, സി.പി.എം 4, കോൺഗ്രസ് 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. ഭരണ നേതൃത്വം രാജിവച്ച വിവരം സർക്കാരിനെയും, തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായി ബി.ഡി.ഒ പറഞ്ഞു. നേരത്തെ രണ്ടു തവണ കോൺഗ്രസ് പിന്തുണയിൽ പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റെയും തിരഞ്ഞെടുത്തപ്പോൾ ഇരുവരും രാജിവച്ചിരുന്നു. പിന്നീട് മൂന്നാം തവണയും തിരഞ്ഞെടുത്തപ്പോൾ ഭരണത്തിലേറാൻ തീരുമാനിക്കുകയായിരുന്നു.

.....................................
ബി.ജെ.പി.യുടെ അവിശ്വാസം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചത്. അവിശ്വാസത്തിലൂടെ ബി.ജെ.പി. ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്. അഴിമതിയും, സ്വജനപക്ഷപാതവുമാണ് പഞ്ചായത്തിൽ നടക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അധികാരത്തിൽ വന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റും.

പ്രമോദ് കാരയ്ക്കാട്
ബി.ജെ.പി. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ്

...........................

ബി.ജെ.പി.യും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു അവിശ്വാസപ്രമേയം. ബി.ജെ.പി. പ്രമേയത്തിലൂടെ അവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് നേരിട്ട് ഇതേ ആവശ്യം ഉന്നയിക്കുകയായിരുന്നു. അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടാനാണ് രാജിവെയ്ക്കാൻ തീരുമാനിച്ചത്.
അഡ്വ. എം.ശശികുമാർ
(സി.പി.എം. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി)

..............................

കഴിവുകെട്ട പഞ്ചായത്ത് ഭരണനേതൃത്വം മാറണമെന്നതായിരുന്നു കോൺഗ്രസ് നിലപാട്. കെടുകാര്യസ്ഥത അംഗീകരിച്ചു മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരുന്നു. ബി.ജെ.പി.യെ പിന്തുണയ്ക്കുന്നില്ല.
ബാലചന്ദ്രൻ നായർ
(കോൺഗ്രസ് തിരുവൻവണ്ടൂർ

മണ്ഡലം പ്രസിഡന്റ്‌)