തിരുവല്ല: കലുങ്ക് നിർമ്മാണത്തിനായി നീക്കംചെയ്ത മണ്ണുപയോഗിച്ച് ചാത്തങ്കരിയിൽ നിലം നികത്താനുള്ള നീക്കം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. ചാത്തങ്കരി സ്വദേശിയായ ചാണ്ടി തോമസിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കറോളം വരുന്ന പാടത്തിന്റെ ഒരുഭാഗം നികത്താനുള്ള നീക്കമാണ് വാർഡ് മെമ്പർ ഏബ്രഹാം തോമസിന്റെ നേതൃത്വത്തിൽ ഇന്നലെ തടഞ്ഞത്. ചാത്തങ്കരി പാടശേഖരത്തിന്റെ ഭാഗമായ ഈ പാടത്തേക്ക് വെള്ളം എത്തിക്കുന്ന വളവനാരി തോടിന് കുറുകെ ജലസേചനവകുപ്പിൽ നിന്ന് അനുവദിച്ച 55 ലക്ഷം രൂപ ചെലവഴിച്ച് കലുങ്ക് നിർമ്മിക്കുന്നുണ്ട്. കലുങ്ക് പണിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണുപയോഗിച്ച് പാടം നികത്താനുള്ള നീക്കമാണ് തടഞ്ഞത്. അനധികൃത നികത്തൽ സംബന്ധിച്ച് റവന്യൂ വകുപ്പിന് പരാതി നൽകിയതായി വാർഡ് മെമ്പർ ഏബ്രഹാം തോമസ് പറഞ്ഞു.