ചെങ്ങന്നൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിയമസഭാനിയോജക മണ്ഡലത്തിൽ ഒരു സ്കൂൾ അന്താരാഷ്ട്രനിലവാരത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുളക്കുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിട സമുച്ചയം പൂർത്തീകരിച്ചു. ആറു കോടി രൂപാ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. മേയ് 12ന് മന്ത്രി വി.ശിവൻകുട്ടി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഹേമലതാ മോഹൻ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.എച്ച് റഫീദ് അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അംബിക.സി, വി.എച്ച്.സി പ്രിൻസിപ്പൽ റെജിമോൾ , ഹെഡ് മിസ്ട്രസ് പി.ആർ. മല്ലിക,യു.ഐ . പ്രിൻസിപ്പൽ ഡോ. രമേശ് കുമാർ , പഞ്ചായത്തംഗങ്ങളായ അനിൽ കുമാർ , ഇ.ടി. അനിൽ, അനു ടി, ജനാർദ്ദനൻ ആചാരി, ആതിരാ പ്രസാദ്, ദിലീപ് കുമാർ കോട്ട, പ്രഭ, സി.എസ് മനോജ് എന്നിവർ പങ്കെടുത്തു.