
പത്തനംതിട്ട: മോദി സർക്കാർ എൽ.ഐ.സിയും റെയിൽവേയും അടക്കമുള്ള പൊതുസ്വത്തുക്കൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുമ്പോൾ, സിൽവർലൈൻ അടക്കമുള്ള പദ്ധതികൾ നടപ്പാക്കി കേരളം ബദൽ മാതൃക കാട്ടുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മേക്കിംഗ് ഇന്ത്യ അല്ല സെയിലിംഗ് ഇന്ത്യയാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഇന്ത്യയിലെ സകല അടിസ്ഥാന സൗകര്യങ്ങളും അവർ വിൽക്കുകയാണ്. അതിനെതിരെ പൊരുതാൻ ഡി.വൈ.എഫ്.ഐ മാത്രമാണുള്ളത്. ഇന്ത്യൻ ജനതയുടെ ഐക്യത്തെ തകർക്കാൻ രാജ്യസ്നേഹമാണ് മോദി സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അടിച്ചമർത്തപ്പെടുന്നവർക്കായി ശബ്ദമുയർത്തുമ്പോഴാണ് യഥാർത്ഥ രാജ്യസ്നേഹം വെളിവാകുന്നത്.
ബുൾഡോസർ പ്രതീകമാക്കിയുള്ള ഭരണമാണ് കേന്ദ്രം നടപ്പാക്കുന്നത്. എസ്.ഡി.പി.ഐയും ആർ.എസ്.എസും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പ്രസംഗം പരിഭാഷപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സനോജ്, അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹീം എം.പി, മന്ത്രി മുഹമ്മദ് റിയാസ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ്. സതീഷ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എം.എൽ.എ മാരായ കെ.യു. ജനീഷ്‌കുമാർ, എം. വിജിൻ, മുൻ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ, ഗ്രീഷ്മ അജയഘോഷ്, ചിന്താ ജെറോം, ജെയിക് സി. തോമസ് എന്നിവർ പങ്കെടുത്തു.