റാന്നി: സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഓടയുടെ വശം ഇടിഞ്ഞു നടപ്പാത അപകട ഭീഷണിയിൽ. റാന്നി എസ്.എൻ.ഡി.പി യൂണിയൻ കെട്ടിടത്തിന് മുൻവശത്താണ് ഇത്തരത്തിൽ അപകട ഭീഷണി നേരിടുന്നത്. ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട നടപ്പാതയാണിത്. പൊലീസ് സ്റ്റേഷൻ, വനം വകുപ്പ് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് സഹകരണ ബാങ്ക് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് ആളുകൾ ബസ് സ്റ്റാൻഡിൽ നിന്നും മറ്റും നടന്നുപോകുന്ന പാതയാണ് രണ്ടു മൂന്ന് ദിവസത്തോളമായി അപകടക്കെണിയൊരുക്കിയിരിക്കുന്നത്. റോഡിന്റെ വശം പൊട്ടി മാറിയിട്ടുണ്ട്. ഏതാണ്ട് നിർമ്മാണം പൂർത്തിയാക്കി വശങ്ങളിൽ കൈവരികളും സ്ഥാപിച്ച ശേഷമാണ് ഇത്തരത്തിൽ റോഡിനു നാശം ഉണ്ടായിരിക്കുന്നത്. യൂണിയൻ കെട്ടിടത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.കൂടാതെ ദിവസവും നൂറ് കണക്കിന് ആളുകളും വന്നു പോകുന്ന ഓഫീസിന്റെ വാതിലിനു മുമ്പിലത്തെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് റാന്നി എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ ആവശ്യപ്പെട്ടു.