clp
നിലം ഗ്രാവൽ ഉപയോഗിച്ച് നികത്തിയ നിലയിൽ

ഓച്ചിറ: ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളുടെ മദ്ധ്യേയുള്ള തഴവയൽ ഓണാട്ടുകരയിലെ പ്രധാന നെല്ലറകളിൽ ഒന്നായിരുന്നു. എന്നാൽ റവന്യൂ അധികൃതരുടെ അനാസ്ഥയിൽ തഴവയലിൽ അവശേഷിക്കുന്ന കൃഷിയിടങ്ങളും ഇല്ലാതാകുകയാണ്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിൻബലത്തിലാണ് നിലം നികത്തൽ നടക്കുന്നത്. തഴവയലിന്റെ നടുവിലായി ഒഴുകുന്ന തഴത്തോടും കൈയ്യേറ്റ ഭീഷണിയിലാണ്. മുമ്പൊക്കെ കർഷകർ കൃഷി ആവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത് തഴത്തോട്ടിൽ നിന്നായിരുന്നു.പൊതുവെ താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്ത് കനത്ത വെള്ളക്കെട്ടാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. തഴത്തോട്ടിൽ നിന്ന് അധിക ജലം കായലിൽ എത്തിച്ചേർന്നിരുന്നത് നിരവധി കൈത്തോടുകൾ വഴിയാണ്. കൈയ്യേറ്റം കാരണം ഇപ്പോൾ അവയെല്ലാം വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്.

സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും

ക്ലാപ്പന കുറ്റിയിടത്ത് ജംഗ്ഷന് കിഴക്ക് പാലത്തിന് തെക്ക് വശത്താണ് വ്യാപകമായ നിലം നികത്തൽ നടക്കുന്നത്. പ്രദേശത്തെ അധികമുള്ള വെള്ളം ഒഴുകി പടിഞ്ഞാറ് ടി.എസ് കനാലിലാണ് പതിക്കുന്നത്. തോടുകളിലേക്ക് വെള്ളം ഒഴുകി എത്തേണ്ട നീർച്ചാലുകൾ സ്വകാര്യ വ്യക്തികൾ കൈയ്യേറി. വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അതിനെ മറികടന്നാണ് ഈ നിയമവിരുദ്ധ നടപടികൾ നടത്തുന്നത്.

തോട് കൈയ്യേറി

ക്ലാപ്പനയെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിച്ചിരുന്നത് കാക്കച്ചാൽ-ആയിരംതെങ്ങ് തോടായിരുന്നു. പലസ്ഥലത്തും സ്വകാര്യ വ്യക്തികൾ തോട് കൈയ്യേറി വീട് വെച്ചിരിക്കുകയാണ്. റവന്യൂരേഖകളിൽ പത്ത് മീറ്റർ വരെ വീതിയുണ്ടായിരുന്ന തോടിന് ഇന്ന് പല സ്ഥലത്തും രണ്ടും മൂന്നും മീറ്ററാണ് വീതി. തഴവയലിൽ നിന്ന് തഴത്തോടുവഴിയെത്തുന്ന വെള്ളവും എത്തിച്ചേരുന്നത് ടി.എസ് കനാലിലാണ്. തോടുകളുടെ വ്യാപകമായ കൈയ്യേറ്റം വർഷകാലത്ത് പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടിനും വേനൽകാലത്ത് ഉൾനാടുകളിൽ വരെ ഉപ്പുവെള്ളം കയറുന്നതിനും കാരണമാകുന്നു.

അനധികൃത നിലം നികത്തൽ തുടരുകയാണെങ്കിൽ തഴവയലിൽ ഇനിയും അവശേഷിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയാകും. മഴക്കാലമായാൽ കനത്ത വെള്ളക്കെട്ടാകും.

ആർ. സുധാകരൻ,

റിട്ട. അദ്ധ്യാപകൻ,

സാമൂഹ്യ പ്രവർത്തകൻ.