
ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്
കൊല്ലം: തൊടിയിലെ പൂക്കളിൽ തേൻ നുകരാനെത്തുന്ന ചിത്രശലഭങ്ങളെ ശേഖരിച്ച് എട്ടാം ക്ളാസുകാരന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്. കൊട്ടാരക്കര എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂൾ വിദ്യാർത്ഥി ജെറെമിയ ജോണാണ് നേട്ടം കൊയ്തത്.
പ്രമുഖ സുവിശേഷ പ്രസംഗകനായ കൊട്ടാരക്കര സ്വദേശി ടിനു പാസ്റ്ററുടെ (ടിനു ജോർജ്) മകനായ ജെമെറിയ ജോൺ ഒരു വിദേശയാത്രയ്ക്കിടെയാണ് ശലഭശേഖരണം മനസിൽ തട്ടിയത്.
നാട്ടിലെത്തിയതോടെ ശലഭങ്ങളുടെ പിന്നാലെ കൂടി. ലോക്ക്ഡൗൺ കാലത്താണ് മുറ്റത്തും പറമ്പിലുമാെക്കെ ചെടികളിലെത്തുന്ന ശലഭങ്ങളെ പിടികൂടാൻ തുടങ്ങിയത്. ഒന്നര വർഷംകൊണ്ട് വിവിധ ഗണത്തിൽപ്പെട്ട ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ ശേഖരിച്ചതിനാണ് റെക്കാഡ് ലഭിച്ചത്. ആത്മീയ പ്രവർത്തനങ്ങളിലും ജെറെമിയ സജീവമാണ്. അച്ഛനും അമ്മ ജീന ജോണും സഹോദരൻ നെഹെമ്യ ജോണും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ശലഭത്തെ പിടികൂടി വളർത്തും
1. വലകെട്ടിയ തോട്ടി ഉപയോഗിച്ചാണ് ചിത്രശലഭങ്ങളെ പിടികൂടുക
2. വീട്ടിനുള്ളിൽ ഒരുക്കിയ പ്രത്യേക കൂട്ടിൽ ഇവയെ നിക്ഷേപിക്കും
3. ഓരോ ഇനം ശലഭത്തിനും ആയുസ് വെവ്വേറെയാണ്
4. ഒരാഴ്ചയ്ക്കുള്ളിലോ മാസത്തിനുള്ളിലോ ശലഭങ്ങൾ മൃതിയടയും
5. ഇവയെ വെളുത്ത ഫ്രെയിമിൽ ഒട്ടിച്ച് കറുത്ത കാർഡ് ബോർഡിൽ പ്രദർശിപ്പിക്കും
ചെറിയ കൂട്ടിൽ തേൻ നുകരാം
ബക്കറ്റിന്റെ വലിപ്പമുള്ള പ്ളാസ്റ്റിക് കൂടുകളിലാണ് ശലഭങ്ങളെ നിക്ഷേപിക്കുന്നത്. ഇതിനുള്ളിൽ ചെണ്ടൊടിച്ച പൂവും തേനും പഴങ്ങളും വച്ചുകൊടുക്കും. ശലഭങ്ങൾ തേൻ നുകർന്നുതന്നെ ദിവസങ്ങൾക്കകം മൃതിയടയും. ഇതുവരെ മുട്ടയിടുകയോ പുഴുക്കളുണ്ടാവുകയോ ചെയ്തിട്ടില്ല.
73
വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള 73 തരം ചിത്രശലഭങ്ങളുടെ ശേഖരമാണ് ജെറെമിയ ജോണിനെ റെക്കാഡിന് അർഹനാക്കിയത്.
""
ഓരോ ശലഭത്തിന്റെയും ജീവിതരീതികളെപ്പറ്റിയും ആയുർ ദൈർഘ്യത്തെപ്പറ്റിയും പഠനം നടത്തിയിരുന്നു. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിന് അയച്ചത്.
ജെറെമിയ ജോൺ