
1,200 കി.ഗ്രാം:
ഭാരം
03:
വയസ്
600 കിലോ ഗ്രാം:
മൂന്നാം വയസിൽ
പ്രതീക്ഷിച്ച ഭാരം
പുല്ല്, ധാന്യപ്പെടി:
ഭക്ഷണം
മുറേ:
ഇനം
ഹരിയാന:
സ്വദേശം
കൊല്ലം: മൂന്നുവർഷം മുമ്പ് ഹരിയാനയിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറുമ്പോൾ കുഞ്ഞു പോത്തായ ഭീമന് പ്രായം മൂന്നു മാസം. വളർത്തി വില്പന നടത്താൻ പദ്ധതിയിട്ട വെളിയം ശ്രീശൈലം വീട്ടിൽ ടി.സി. വിനോദിന്റെ ഫാമിൽ എത്തിയ ഭീമൻ ഭീമാകാരനായിത്തന്നെ വളർന്നു. ഇപ്പോൾ ഭാരം 1,200 കി.ഗ്രാം. മണിമാലയും കാൽത്തളയുമൊക്കെ കെട്ടി നാട്ടിലെ ഉത്സവങ്ങളിലും പ്രദർശന മേളകളിലും വി.ഐ.പിയായി എത്തുന്നതിന്റെ തിരക്കാണ് ഇപ്പോൾ. കേട്ടറിഞ്ഞ് വിനോദിന്റെ സമ്മർലാൻഡ് എന്ന ഫാമിലേക്ക് കാണാൻ വരുന്നവരും കുറവല്ല. ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയ ഭീമനെ മൂന്നു വയസാകുമ്പോൾ എൺപതിനായിരം രൂപയ്ക്ക് വില്ക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇപ്പോൾ മോഹവിലയാണ്. നാലു ലക്ഷത്തോളം പറഞ്ഞു. പക്ഷേ, ഇനി വിൽക്കാൻ വിനോദ് ഒരുക്കമല്ല. എന്തായാലും താൻ ഇട്ട പേര് ഇങ്ങനെ ഫലിക്കുമെന്ന് വിനോദ് കരുതിയില്ല. ജനതികഘടനയിൽ അപൂർവമായുണ്ടാകുന്ന മാറ്റമാണ് ഈ വളർച്ചയ്ക്ക് കാരണം. ഉയരം അല്പം കുറവാണ്. ഭീമൻ ആരെയും മുക്രയിട്ട് ആക്രമിക്കാൻ തുനിയില്ല. മൂന്നുപേർ മുതുകത്ത് കയറിയിരുന്നാലും കൊണ്ടുനടക്കും. ഏത് പാതിരാത്രിയിലും വിനോദ് 'ഭീമാ' എന്ന് വിളിച്ചാൽ ചാടിയെഴുന്നേൽക്കും.സമ്മർലാൻഡിൽ 15 പശുക്കളും അത്രത്തോളം എരുമകളുമുണ്ട്.
`2009ലാണ് ഫാം തുടങ്ങിയത്. നൂറോളം പോത്തുകളെ വളർത്തി. എന്നാൽ ചെറുപ്രായത്തിൽ ഭീമനോളം ഭാരം ഒരു പോത്തിനും ഉണ്ടായിട്ടില്ല.'
-ടി.സി. വിനോദ്
`ജനിതകഘടനയിലെ പ്രത്യേകത കൊണ്ട് ഭീമന് തീറ്റ പരിവർത്തന ശേഷി കൂടുതലാണ്. അരലക്ഷത്തിൽ ഒന്നോ രണ്ടോ പോത്തുകൾക്ക് മാത്രമേ ഉണ്ടാകാറുള്ളൂ.'
ഡോ. ഡി. ഷൈൻകുമാർ
മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ