കൊല്ലം: ആശ്രാമം ലിങ്ക് റോഡ് ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവിലേക്ക് നീട്ടാനുള്ള ഒറിജിൻ ആൻഡ് ഡെസ്റ്റിനേഷൻ സർവേ പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ സർവേയുടെ റിപ്പോർട്ട് വൈകാതെ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് വഴി കിഫ്ബിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി പദ്ധതിക്ക് അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
തോപ്പിൽക്കടവിലേക്ക് ഓവർബ്രിഡ്ജ് നീട്ടിയാൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ചായിരുന്നു ഒർജിൻ ആൻഡ് ഡെസ്റ്റിനേഷൻ സർവേ. പദ്ധതിക്ക് അനുമതി നൽകുന്നതിന് മുന്നോടിയായി കിഫ്ബിയാണ് സർവേ നിർദ്ദേശിച്ചത്. 2017ലെ ബഡ്ജറ്റിലാണ് ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടാൻ പണം അനുവദിച്ചത്. ഒന്നരവർഷം മുൻപ് പദ്ധതിയുടെ വിശദരൂപരേഖ കെ.ആർ.എഫ്.ബി സമർപ്പിച്ചെങ്കിലും വിവിധ സംശയങ്ങൾ ഉന്നയിച്ച് അനുമതി നീട്ടുകയായിരുന്നു. എറ്റവും ഒടുവിലാണ് ഒ.ഡി സർവേ ആവശ്യപ്പെട്ടത്.
മൂന്നാംഘട്ടം ഈ മാസം
കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെയുള്ള ലിങ്ക് റോഡിന്റെ മൂന്നാംഘട്ട വികസനം പൂർത്തിയാകാറായി. ഓവർബ്രിഡ്ജിന്റെ ടാറിംഗ്, രണ്ടാംഘട്ട പെയിന്റിംഗ്, അപ്രോച്ച് റോഡിന്റെ ഫുട്പാത്തിൽ ഇന്റർലോക്ക് പാകൽ എന്നിവ മാത്രമാണ് ബാക്കിയുള്ളത്. തെരുവ് വിളക്കുകൾ സ്ഥാപിക്കൽ കഴിഞ്ഞദിവസം പൂർത്തിയാക്കി. ശേഷിക്കുന്നവ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാവും. പൊതുമരാമത്ത് വകുപ്പ് ഊർജ്ജിതമായി ഇടപെട്ടാൽ മൂന്നാംഘട്ടം ഈമാസം തന്നെ തുറന്ന് നൽകാം.
വലിയ കാര്യമൊന്നുമില്ല!
ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം പൂർത്തിയാക്കി തുറന്ന് നൽകിയാലും നഗരത്തിലെ ഗതാഗത പ്രശ്നത്തിന് കാര്യമായ പരിഹാരം ഉണ്ടാകില്ല. ഓവർബ്രിഡ്ജിൽ നിന്നു ഓലയിൽക്കടവിലേക്കുള്ള അപ്രോച്ച് റോഡിന്റെ കാര്യേജ് വേ 7.5 മീറ്റർ വീതിയിലാണ്. ഇവിടെ നിന്നു കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനും രാമവർമ്മ ക്ലബ്ബിനും മുന്നിലേക്കുള്ള റോഡുകൾക്ക് പലേടത്തും കഷ്ടിച്ച് 3 മീറ്ററിൽ താഴെയാണ് വീതി. അതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. കളക്ടറേറ്റ്, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ കുരുക്കിനും പരിഹാരമുണ്ടാകില്ല. ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടിയാൽ വാഹനങ്ങൾക്ക് നേരിട്ട് ദേശീയപാതയിൽ പ്രവേശിക്കാം. വലിയ വാഹനങ്ങൾക്കും കടന്നുപോകാം. ഇതോടെ ചിന്നക്കട, താലൂക്ക് കച്ചേരി, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നത്തിനും പരിഹാരമാകും. ഇപ്പോൾ അഷ്ടമുടിക്കായലിന്റെ നടുവിലാണ് മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓവർബ്രിഡ്ജ് അവസാനിച്ചിരിക്കുന്നത്. ഇവിടെ നിന്നു ചെറിയ പാലം നിർമ്മിച്ചാണ് ഓലയിൽക്കടവുമായി ബന്ധിപ്പിച്ചത്.
................................
നാലാംഘട്ടത്തിന് 150 കോടി
മൂന്നാംഘട്ട നിർമ്മാണം പൂർത്തിയാകുമ്പോൾ തന്നെ നാലാംഘട്ടം ആരംഭിക്കുമെന്നാണ് നേരത്തെ അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നാലാംഘട്ട നിർമ്മാണം ആരംഭിക്കാൻ ആറ് മാസമെങ്കിലും കാത്തിരിക്കണം. 102 കോടി ചെലവിലാണ് മൂന്നാംഘട്ട വികസനം. നാലാംഘട്ടത്തിന് 150 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.