
കൊല്ലം: ഒന്നരവയസുകാരന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിലെ പിഴവിനെ തുടർന്ന് നടത്തിയ ചികിത്സയ്ക്ക് ചെലവായ 25,000 രൂപ ആരോഗ്യവകുപ്പ് ജീവനക്കാർ വഹിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.
തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. നിസ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജോസഫൈൻ എന്നിവർ തുല്യവീതമായി തുക നൽകണം.
കണ്ണനല്ലൂർ കിഴവൂർ സ്വദേശിയുടെ കുട്ടിക്കാണ് സെപ്തംബർ ഒന്നിന് നൽകിയ കുത്തിവയ്പിനെ തുടർന്ന് തുടയിലും കാൽമുട്ടിലും നീരുവീക്കവും അസഹ്യമായ വേദനയും അനുഭവപ്പെട്ടത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വീണ്ടുമെത്തിച്ചെങ്കിലും ചികിത്സ ലഭ്യമാക്കിയില്ല. തുടർന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. പിതാവ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മിഷനിൽ അംഗം റെനി ആന്റണിയാണ് ചികിത്സാചെലവ് നൽകാൻ ഉത്തരവിട്ടത്.
രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുമെന്ന ഭയം രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നെന്നും ചികിത്സയ്ക്ക് 25,000 ഓളം രൂപ ചെലവായെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.
` സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന കുട്ടികൾക്ക് മതിയായ ശ്രദ്ധയും പരിഗണനയും ലഭ്യമാക്കണം.'
-റെനി ആന്റണി
ബാലാവകാശ കമ്മിഷനംഗം