drama

കൊല്ലം: കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തുന്ന അമച്വർ നാടകോത്സവങ്ങളുടെ ഭാഗമായുള്ള 50 നാടകങ്ങളിൽ അഞ്ചെണ്ണത്തിന്റെ അവതരണം നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൽ 3 മുതൽ 7വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാദിവസവും വൈകിട്ട് 7നാണ് അവതരണം. 3ന് വൈകിട്ട് 6ന് എം. മുകേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനാകും. നിർവാഹക സമിതിയംഗം ഫ്രാൻസിസ് ടി. മാവേലിക്കര, ചലച്ചിത്ര സീരിയൽ നടൻ രാജേഷ് ശർമ്മ, കോർപ്പറേഷൻ കൗൺസിലർ സിന്ധുറാണി, പ്രകാശ് കലാകേന്ദ്രം പ്രസിഡന്റ് എച്ച്. രാജേഷ്, സംഘാടക സമിതി കൺവീനർ മഹേഷ് മോഹൻ എന്നിവർ പങ്കെടുക്കും. രാത്രി 7ന് തിരുവനന്തപുരം അയിത്തിക്കോണം നിരീക്ഷയുടെ നാടകം അന്ധിക. 4ന് തിരുവനന്തപുരം അഭിനയയുടെ മിനുക്ക് ശാല, 5ന് ആലപ്പുഴ സംസ്കൃതിയുടെ മുക്തി, 6ന് മണക്കാട് തിരുവരങ്ങിന്റെ സുഖാനി, വട്ടിയൂർക്കാവ് കനലിന്റെ സോവിയറ്റ് സ്റ്റേഷൻ കടവ് എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ.ബി. ജോയ്, ജനറൽ കൺവീനർ മഹേഷ് മോഹൻ, പ്രകാശ് കലാകേന്ദ്രം പ്രസിഡന്റ് എച്ച്. രാജേഷ് എന്നിവർ പങ്കെടുത്തു.